പോളണ്ടിൽ 5,000 കിലോഗ്രാം ‘ഭൂകമ്പ ബോംബ്’ പൊട്ടിത്തെറിച്ചു

പോളണ്ടിലെ ബാൾട്ടിക് കടലിനടുത്തുള്ള ഒരു ചാനലിൽ 5,000 കിലോഗ്രാം ബോംബ് വെള്ളത്തിനടിയിൽ പൊട്ടിച്ച് നിർവീര്യമാക്കി. രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ഒരു ബോംബാണ് പ്രത്യേകം സജ്ജമാക്കിയ ഓപ്പറേഷനിലൂടെ തകർത്തത്. പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിയിരുന്നതിനാൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്ന് പോളിഷ് അധികൃതർ പറഞ്ഞു.

പോളിഷ് മിലിട്ടറി ഡൈവേഴ്‌സ് ആണ് ബോംബ് നിര്‍വീര്യമാക്കിയത്. ബാൾട്ടിക് കടലിനടുത്തുള്ള ചാനലിന്‍റെ താഴ്ഭാഗത്ത് കിടന്നിരുന്ന ബോംബ് നിര്‍വീര്യമാക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. എന്നാൽ, ചൊവ്വാഴ്ചയാണ് ദൗത്യം വിജയിച്ചത്. ‘ടോൾബോയ്’ എന്ന് വിളിപ്പേരുള്ള ഈ ആയുധം ‘ഭൂകമ്പ ബോംബ്’ എന്നും അറിയപ്പെടുന്നു. 1945 ൽ നാസി യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ റോയൽ എയർഫോഴ്സ് പ്രയോഗിച്ചതാണ് ഈ ബോംബ്.

കഴിഞ്ഞ വർഷം പോളണ്ടിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് തുറമുഖ നഗരത്തിന് അടുത്ത് ഖനനം നടത്തുന്നതിനിടെയാണ് ഭീമൻ ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കാൻ 2.5 കിലോമീറ്റർ പ്രദേശത്തെ 750 ഓളം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നു. ഇത് 3.6 ടൺ ടിഎൻ‌ടിയ്ക്ക് തുല്യമാണ്. ചെറിയൊരു വൈബ്രേഷനില്‍ സംഭവിച്ചാൽ പോലും ബോംബ് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്.