പാര്‍ശ്വഫലം: ഓക്‌സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം പാതിവഴിയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മരുന്ന് പരീക്ഷണത്തിനു വിധേയമായ വാളണ്ടിയറില്‍ പര്‍ശ്വഫലം കണ്ടതിനെ തുടര്‍ന്നാണ് വാക്‌സിന്‍ പരിശോധന നിര്‍ത്തിവച്ചത്.

അതേസമയം വാക്‌സിന്‍ പരിശോധനയ്ക്കിടയില്‍ ഇത്തരം സംഭവങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ആസ്ട്ര സെനക പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്‍ നിര്‍മാണശ്രമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ച വാകസിനുകളിലൊന്നായിരുന്നു ഓക്‌സ്ഫഡ് വാക്‌സിന്‍.

വാക്‌സിന്‍ പരിശോധനയുടെയും മാര്‍ക്കറ്റിങ്ങിന്റെയും ഒന്നും രണ്ടും ട്രയല്‍ പരിശോധന ഇതിനകം പൂര്‍ത്തിയാക്കിയിരുന്നു.

യുകെ, യുഎസ്, ബ്രസീല്‍, ആഫ്രിക്ക തുടങ്ങിയവിടങ്ങളിലായി ഈ വാക്‌സിന്‍ പരിശോധനയില്‍ 30,000ത്തോളം പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സാധാരണ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ ഘട്ടം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുകയാണ് പതിവ്.

സാധാരണ ഇത്തരം പരിശോധനകളില്‍ ഇതൊക്കെ പതിവാണെങ്കിലും സ്വതന്ത്രമായ ഒരു സമിതി ഇതേക്കുറിച്ച് അന്വേഷിച്ച ശേഷമായിരിക്കും പരീക്ഷണം പുനഃരാരംഭിക്കുകയെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല വക്താവ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ പരിശോധന നിര്‍ത്തിവയ്ക്കുന്നത്. ഇതൊക്കെ വലിയ മരുന്നുപരിശോധനകളില്‍ സാധാരണമാണ്. ഇത്തരം സാഹചര്യത്തില്‍ വാളണ്ടിയര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ തേടും. ട്രയല്‍ വീണ്ടും തുടങ്ങുമെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ പറയുന്നത്.

അഡെനോ വൈറസിന് ജനിത പരിവര്‍ത്തനം വരുത്തിയാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ വികസിപ്പിച്ചത്. സാധാരണ ജലദോഷപ്പനിയുണ്ടാക്കുന്ന വൈറസാണ് ഇത്.

അതേസമയം അമേരിക്കയില്‍ നവംബര്‍ 3ലെ യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് വാക്‌സിന്‍ നിര്‍മിക്കണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യം. ട്രംപിന്റെ ആവശ്യം അതേസമയം ആരോഗ്യമേഖലയില്‍ വലിയ ആശങ്കയ്ക്കും കാരണമായി. രാഷ്ട്രീയതാല്‍പ്പര്യത്തിന്റെ ഭാഗമായി സുരക്ഷാപരിശോധനകളില്‍ അയവ് വരുത്തി വാക്‌സിന്‍ പുറത്തിറക്കുമോ എന്നാണ് ഭയം.

ലോകത്ത് ആസ്ട്ര സെനക്കെ അടക്കം ഒമ്പത് കമ്പനികള്‍ക്കാണ് ക്ലിനിക്കല്‍ ട്രയലിന് അനുമതിയുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ബയോഎന്‍ടെക്, ഗ്ലാക്‌സോസ്മിത്ക്ലിന്‍, ഫിസര്‍, മെര്‍ക്ക് മോഡേണ, സനോഫി ആന്റ് നൊവാവാക്‌സ് തുടങ്ങിയവരാണ് മറ്റ് കമ്പനികള്‍.

ഏതായാലും 2021 ല്‍ വാക്‌സിന്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയ്ക്ക് ഇതോടെ ഇടിവേറ്റു.