നിയമ വിരുദ്ധമായ കുടിയേറ്റം : ഇന്ത്യന്‍ പൗരന്‍മ്മാരെ നാടു കടത്താനൊരുങ്ങി അമേരിക്ക.

വാഷിങ്ടണ്‍ : അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ 161 ഇന്ത്യന്‍ പൗരന്‍മ്മാരെ തിരിച്ചയക്കാനൊരുങ്ങി അമേരിക്ക. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും മറ്റ് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയുമാണ് തിരിച്ചയക്കാനൊരുങ്ങുന്നത്. ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് എത്തിക്കുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. നാടുകടത്തേണ്ടവരുടെ പട്ടികയില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബ്, 12 പേര്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശില്‍ നിന്ന് 5, മഹാരാഷ്ട്രയില്‍ നിന്ന് 4, കേരളത്തില്‍ നിന്നും തെലങ്കാനയില്‍ നിന്നും 2 പേര്‍ വീതം എന്നിങ്ങനെയാണ് കണക്കുകള്‍. ആന്ധ്രാപ്രദേശില്‍ നിന്നും ഗോവയില്‍ നിന്നും ഒരാള്‍ വീതമുണ്ട്. അമേരിക്കയിലെ 95 ജയിലിലുകളായി കഴിയുന്ന 1739 ഇന്ത്യക്കാരില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ തിരിച്ചയക്കുന്ന 161 പേരെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്തനം സിങ് ചഹല്‍ പറഞ്ഞു. അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇമിഗ്രേഷന്‍ & കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയില്‍പ്പെട്ടവരാണ് ഇവര്‍. 2018 ല്‍ 611 ഇന്ത്യക്കാരാണ് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് എത്തിയിരുന്നതെങ്കില്‍ 2019 ആയപ്പോഴെക്കും 1616 പേരായി ഇത് ഉയര്‍ന്നെന്ന് ഐ.സി.ഇ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന 161 പേരില്‍ 3 പേര്‍ സ്ത്രീകളാണ്. ഹരിയാനയില്‍ നിന്നും വന്ന 19 വയസ്സുള്ള 2 പേരാണ് ഏറ്റവും പ്രായം കുറഞ്ഞവരെന്നും നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ പറഞ്ഞു. യുവാക്കളെ അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തുന്ന വലിയൊരു സംഘം ഉത്തരേന്ത്യയില്‍ ഉണ്ടെന്ന് സ്തനം സിങ് ചഹല്‍ പറഞ്ഞു. ഏജന്റുമ്മാര്‍ക്ക് 35 മുതല്‍ 50 ലക്ഷം വരെ കൊടുത്തിട്ടാണ് പലരും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.