നിങ്ങളുടെ സ്വപ്നങ്ങളാണ് വിഷയം; യു.എസിലെ പ്രക്ഷോഭങ്ങളെ പിന്തുണച്ച് ഒബാമ

ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വംശീയ നീതിക്കായി പോരാടുന്ന അമേരിക്കക്കാരുടെ പ്രതിഷേധത്തെ പ്രശംസിക്കുന്നതായും തുടരുന്ന പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപക പരിഷ്‌കാരങ്ങള്‍ക്ക് കാരണമാകുമെന്നും ഒബാമ വീഡിയോ പ്രതികരണത്തില്‍ വ്യക്തമാക്കി. ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തിലും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളിലും ആദ്യമായാണ് ഒബാമ പ്രതികരിക്കുന്നത്. മിക്കപ്പോഴും അക്രമത്തിന് സാക്ഷ്യം വഹിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടുള്ള കറുത്തവര്‍ഗക്കാരായ യുവാക്കളോടും യുവതികളോടുമാണ് ഒബാമ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. മിക്കപ്പോഴും അത്തരം അക്രമങ്ങളില്‍ ചിലത് നിങ്ങളെ സംരക്ഷിക്കേണ്ട ആളുകളില്‍ നിന്നാണ് വന്നത്. നിങ്ങളാണ് വിഷയമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതമാണ്, നിങ്ങളുടെ സ്വപ്നങ്ങളാണ് വിഷയമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, എന്റെ ജീവിതത്തില്‍ കാണാത്തതരത്തിലുള്ള ഐതിഹാസികമായ മാറ്റങ്ങള്‍ക്കും സംഭവങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നു. യുവാക്കളുടെ ചിന്താഗതികള്‍ ഉള്‍പ്പെടെ മാറിയിരിക്കുന്നു. നമുക്ക് നല്ലത് ചെയ്യാനാകുമെന്നതിന്റെ വലിയ അംഗീകാരം കൂടിയാണത്. ഒരു സമൂഹമെന്ന നിലയില്‍, ഒരു രാജ്യമെന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ട നിമിഷത്തെ പ്രയോജനപ്പെടുത്തുകയാണ് പ്രധാനം. എല്ലാത്തിനുമൊടുവില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒന്നായി അതിനെ ഉപയോഗപ്പെടുത്തണം. പ്രക്ഷോഭത്തിനെതിരെ സൈന്യത്തെ ഉപയോഗിക്കാനുള്ള നയങ്ങള്‍ സംസ്ഥാന, പ്രാദേശിക അധികൃതര്‍ പുനപരിശോധിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. സെന്യത്തെ ഉപയോഗിക്കാനുള്ള നീക്കങ്ങള്‍ മേയര്‍മാര്‍ വീണ്ടും പരിശോധിക്കണമെന്ന് ഒബാമ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് പരാമര്‍ശിച്ചതുമില്ല.