ദുബൈയിൽ നിന്ന്​ മറ്റ്​ എമിറേറ്റുകളിലേക്ക്​ മടങ്ങുന്നവർ തിരിച്ചറിയൽ കാർഡ്​ കരുതണം

ദുബൈ: മറ്റ്​ എമിറേറ്റുകളിൽ ​താമസിച്ച്​ ദുബൈയിൽ ജോലി ചെയ്​ത്​ മടങ്ങുന്നവർ നിർബന്​ധമായും തിരിച്ചറിയൽ കാർഡ്​ കരുതണ​െമന്ന്​ ദുബൈ പോലിസ്​. ജോലിയുമായി ബന്​ധപ്പെട്ട തിരിച്ചറിയൽ കാർഡോ, തൊഴിലുടമയുടെ സാക്ഷ്യപത്രമോ കൈയിൽ കരുതിവേണം യാത്ര ചെയ്യാൻ. ദേശീയ അണുവിമുക്​ത പദ്ധതിയുടെ ഭാഗമായി വിവിധ എമിറേറ്റുകളിൽ കർഫ്യൂ സമയത്തിൽ വ്യത്യാസമുള്ളതിനാൽ, യാത്രക്കിടയിലെ ബുദ്ധിമുട്ട്​ ഒഴിവാക്കുന്നതിനാണിതെന്ന്​ ദുബൈ പോലിസ്​ മേജർ ജനറൽ അബ്​ദുല്ല അലി അൽഗൈത്തി അറിയിച്ചു. രാത്രി 11മുതൽ രാവിലെ ആറുമണിവരെയാണ്​ ദുബൈയിൽ കർഫ്യൂ ഉള്ളത്​. ​അതേസമയം, മറ്റ്​ എമിറേറ്റുകളിൽ ഇത്​ രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാണ്​. ഈ സമയത്ത്​, കർഫ്യൂ ലംഘിക്കുന്നവരെ പിടികൂടുന്നതിന്​ കർശന പരിശോധനയാണ്​ നടക്കുന്നത്​. ജോലി കഴിഞ്ഞ്​ മടങ്ങുന്നവർക്ക്​ ഇളവ്​ അനുവദിച്ചിട്ടുണ്ടെങ്കിലും, അക്കാര്യം തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം. രേഖ ഹാജരാക്കാതെ കർഫ്യൂ സമയത്ത്​ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ ഷാർജ പോലിസ്​ കമാണ്ടർ ഇൻ ചീഫ്​ സൈഫ്​ അൽസൈറിയും അറിയിച്ചു.