ദുബായിലും ഷാർജയിലും ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു

ദുബായ് : ശക്തമായ പൊടിക്കാറ്റിൽ ദുബായിൽ പല പ്രദേശങ്ങളും മിനിറ്റുകളോളം മുങ്ങി. ദൂരക്കാഴ്ച കുറഞ്ഞതോടെ ഗതാഗതം മന്ദഗതിയിലായി. ദുബായിലും ഷാർജയിലുമാണ് കാറ്റ് ഏറ്റവും ശക്തമായത്.ഹുങ്കാരത്തോടെ ഇടവിട്ട് മിനിറ്റുകളോളം വീശിയ കാറ്റിൽ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും വാഹനങ്ങളും വലഞ്ഞു. പലരും റോഡരികിൽ വാഹനം നിർത്തി കാറ്റ് അകന്നുപോകാൻ കാത്തിരുന്നു. റോഡുകളിലും മറ്റും ചപ്പുചവറുകളും നിറഞ്ഞിട്ടുണ്ട്. എന്നാൽ എവിടെയും അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്. തുടർന്ന് അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. ചിലയിടങ്ങളിൽ മഴയും പെയ്തു.ദുബായിൽ ഖിസൈസ്, മുഹൈസിന, മിർദിഫ്, അൽഖൂസ് ഭാഗങ്ങളിലും ഷാർജ അല്‍ നഹ് ദ ഏരിയയിലുമാണ് ഏറ്റവും ശക്തമായ കാറ്റനുഭവപ്പെട്ടത്. അരമണിക്കൂറിന് ശേഷം കാറ്റ് ഏതാണ്ട് നിലച്ചു.ഷാർജ മലീഹ, സുയുഹ് എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴയും പെയ്തു. എവിടെയും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.