തൊഴില്‍ മേഖലയില്‍ പുത്തനുണര്‍വ്

അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. അടുത്ത വര്‍ഷം സാമ്പത്തികമായി തൊഴില്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെയ് മാസത്തില്‍ സമ്പദ്വ്യവസ്ഥ 2.5 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും യുഎസിന്റെ തൊഴിലില്ലായ്മാ നിരക്ക് 13.3 ശതമാനമായി കുറഞ്ഞതായും തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോക്ക്ഡൗണിനു ശേഷം ബിസിനസ് കേന്ദ്രങ്ങള്‍ തുറക്കാന്‍ തുടങ്ങിയതോടെ രാജ്യത്ത് 25 ദശലക്ഷം തൊഴിലവസരങ്ങള്‍ ആയി.ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തീരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായാണ് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടത്. മെയ് മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് അലോകനം ചെയ്തതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം. ‘ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയിലേക്കു നമ്മള്‍ മടങ്ങിവരും. വരുന്നത് ചില നല്ല മാസങ്ങളാണ്. വളരെ നല്ല ജൂലൈ, ഏറ്റവും നല്ല ഓഗസ്റ്റ്, അതിമനോഹരമായ സെപ്റ്റംബര്‍. അടുത്ത വര്‍ഷം സാമ്പത്തികമായി തൊഴില്‍ മേഖലയില്‍ ഒരു വന്‍ കുതിച്ചുചാട്ടമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’. ട്രംപ് പറഞ്ഞു. പാന്‍ഡെമിക് മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വേഗത്തിലായതു നല്ല സൂചനയാണ് എന്ന് പല ബിസിനസ് അനലിസ്റ്റുകളും അഭിപ്രായം രേഖപ്പെടുത്തി.