തുള്‍സിക്കെതിരായ ‘റഷ്യന്‍’ പരാമര്‍ശം: ഹിലാരിക്ക് 350 കോടിയുടെ മാനനഷ്ടക്കേസ്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റനെതിരെ മാനനഷ്ട കേസുമായി തുള്‍സി ഗബ്ബാര്‍ഡ്. ഹിലാരിക്കെതിരെ 350 കോടി രൂപയുടെ മാനനഷ്ടകേസാണ് തുള്‍സി നല്‍കിയിരിക്കുന്നത്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാകുവാന്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജയാണ് തുള്‍സി ഗബ്ബാര്‍ഡ്. തുള്‍സിക്കെതിരായ ഹിലാരി നടത്തിയ വിവാദ പരാമര്‍ശമാണ് മാനനഷ്ടകേസ് വരെ എത്തിച്ചിരിക്കുന്നത്. തുള്‍സി ‘റഷ്യക്കാരുടെ ഇഷ്ടക്കാരി’ എന്നായിരുന്നു ഹിലാരിയുടെ പരാമര്‍ശം. ഹിലാരിയുടെ പ്രസ്താവന തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തെ പ്രതികൂലമായി ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് തുള്‍സി കേസ് നല്‍കിയിരിക്കുന്നത്. കോടതി ഹിലാരിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതേസമയം, ഡെമോക്രാറ്റ് പ്രൈമറിയില്‍ മുന്നിലുള്ള ജോ ബൈഡനും ബേണി സാന്‍ഡേഴ്‌സും വാക്‌പോര് തുടരുകയാണ്.