തിരഞ്ഞെടുപ്പ് ചൂടില്‍ അമേരിക്ക; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്ക് തുടക്കമായി

യുഎസില്‍ ഈവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഔപചാരിക തുടക്കമായി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസോടെയാണ് സുദീര്‍ഘമായ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കു തുടക്കമായത്. 11 സ്ഥാനാര്‍ഥികളാണ് അയോവയില്‍ വോട്ടു തേടുന്നത്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യാന മുന്‍ മേയര്‍ പീറ്റ് ബട്ടഗീഗ്, വെര്‍മൊണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്സ്, മാസച്യുസെറ്റ്സ് സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ മുന്‍നിരക്കാര്‍. ഇവരില്‍ ബൈഡനും സാന്‍ഡേഴ്സിനുമാണ് കുടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ കോക്കസുകളുടെ പ്രക്രിയ സങ്കീര്‍ണമായതിനാല്‍ പ്രവചനങ്ങള്‍ക്കു ഇവിടെ സ്ഥാനമില്ല.പാര്‍ട്ടിയില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്കും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ താല്‍പര്യം കാണിക്കുന്നവര്‍ക്കുമാണ് വോട്ട് ചെയ്യാന്‍ അവസരം. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് ട്രംപ് ഈ വര്‍ഷം വീണ്ടും മത്സരിക്കും. എന്തായാലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഏറ്റുമുട്ടണമെങ്കില്‍ ഡെമോക്രാറ്റുകള്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും എന്നതില്‍ സംശയം ഇല്ല.