ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി അംഗീകരിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന് തിങ്കളാഴ്ച്ച തുടക്കമായി

ബിജു ആബേല്‍ ജേക്കബ്ബ്

വാഷിങ്ടണ്‍ : നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റിലെ വേദിയിലും അമേരിക്കയിലെ വിവിധയിടങ്ങളിലെ വെര്‍ച്വല്‍ വേദികളിലുമായിട്ടാണ് ട്രംപിന് താരപരിവേഷം നല്‍കി കൊണ്ട് സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ കോവിഡ് കാലത്തിന് മുമ്പുള്ള ട്രംപ് ഭരണകൂടത്തിന്റെ ഓരോ നേട്ടങ്ങളും പ്രത്യേകം എടുത്ത് കാണിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഉയര്‍ച്ചയും, തൊഴിലില്ലായ്മ നിരക്കിലെ കുറവും, ആഗോള തീവ്രവാദത്തിന്റെ അടിച്ചമര്‍ത്തലും, അമേരിക്കന്‍ വംശജരുടെ പൊതു സുരക്ഷക്ക് വേണ്ടി സ്വീകരിച്ച നടപടികളും, മെക്‌സിക്കോ അതിര്‍ത്തി മതിലും മുതലായവയും നേട്ടങ്ങളുടെ പട്ടികയിലുണ്ടാകും. ദേശീയത തീവ്രതയോടെ അവതരിപ്പിക്കും. കോവിഡ് കാലത്ത് സ്വീകരിച്ച നടപടികള്‍ ശരിയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാലത്ത് സ്വീകരിച്ച സഹകരണമില്ലായ്മയും വിഷയമാകും. ഇസ്ലാമിക തീവ്രവാദവും ചൈനക്കെതിരെയുള്ള നീക്കങ്ങളും വിഷയമായിരിക്കും. ചുരുക്കത്തില്‍ അമേരിക്കയുടെ സ്വാതന്ത്ര്യത്തിലും അമേരിക്കക്കാരുടെ ആത്മാഭിമാനത്തിലും ആരെയും തൊടാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവും കണ്‍വെന്‍ഷനില്‍ ഉണ്ടായേക്കാം. ഇന്ത്യാക്കാരുള്‍പ്പടെയുള്ള പ്രാവസി തൊഴില്‍ സമൂഹത്തിന് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിസാ നിയന്ത്രണങ്ങളിലെ ഇളവും പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.

നാല് ദിവസത്തെ കണ്‍വെന്‍ഷനില്‍ പ്രധാനമായും നാല് പേരാണ് പ്രസംഗിക്കുക. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, നിക്കി ഹെയ്‌ലി, സ്റ്റീവ് സ്‌കാലീസ, ടിം സ്‌കോട്ട് എന്നിവര്‍ തിങ്കളാഴ്ച പ്രസംഗിക്കും. രണ്ടാം ദിനമായ ചൊവ്വാഴ്ച്ച മെലാനിയ ട്രംപ്, മൈക്ക് പോംപിയോ, എറിക് ട്രംപ്, ടിഫാനി ട്രംപ് എന്നിവരും മൂന്നാം ദിനമായ ബുധനാഴ്ച്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെനറ്റര്‍ ജോണി ഏണസ്റ്റ്, കെല്ലിയന്‍ കോണ്‍വെയ്, ലോറ ട്രംപ് എന്നിവരുടെയും പ്രസംഗത്തോട് കൂടി സമാപിക്കും. ഡൊണാള്‍്ഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം തിങ്കളാഴ്ച്ച തന്നെ നോമിനേറ്റ് ചെയ്യപ്പെടുമെങ്കിലും ട്രംപിന്റെ മറുപടി പ്രസംഗമുണ്ടാവുക വ്യാഴാഴ്ച്ചയായിരിക്കും. റൂഡി ജൂലിയാനി, മിക്ക് മക്കോനല്‍, ഇവാന ട്രംപ് എന്നിവരും സമാപന ദിനത്തില്‍ പ്രസംഗിക്കും. വംശീയമായി അമേരിക്കയെ തകര്‍ക്കുവാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന ആരോപണമായിരിക്കും ട്രംപ് പ്രധാനമായും ഉന്നയിക്കുക. എന്തായാലും പൂര്‍ണ്ണമായും ട്രംപിന്റെ നിയന്ത്രണത്തിലുള്ള ഈ കണ്‍വെന്‍ഷന്‍ സമാപിക്കുന്നതോടെ ട്രംപ് – പെന്‍സ് ടീമിന്റെ സാധ്യത വര്‍ദ്ധിക്കാന്‍ തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍