ഡെമോക്രാറ്റിക്ക് ഡെലിഗേഷന്‍ ഉപാധ്യക്ഷനായി റൊഖന്നയെ നിയമിച്ചു

ആഗസ്റ്റില്‍ നടക്കുന്ന ഡമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ കാലിഫോര്‍ണിയയില്‍ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ ഉപാധ്യക്ഷനായി യു എസ് കോണ്‍ഗ്രസുമാന്‍ റൊഖന്നയെ നിയമിച്ചു. 2017 മുതല്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് ഖന്ന. ജൂണ്‍ 28ന് ചേര്‍ന്ന കാലിഫോര്‍ണിയ ഡമോക്രാറ്റിക് പാര്‍ട്ടി യോഗത്തിലാണ് റൊഖന്നയെ നിയമിച്ച കാര്യം കാലിഫോര്‍ണിയ ഡമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. 368 കാലിഫോര്‍ണിയ ഡെലിഗേറ്റുകള്‍ റൊഖന്നയെ അനുകൂലിച്ചു വോട്ടുചെയ്തപ്പോള്‍ 20 പേരാണ് എതിര്‍ത്തത്. ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ബെര്‍ണി സാന്റേഴ്സ് റൊഖന്നക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജോബൈഡന്‍, ബെര്‍ണി സാന്റേഴ്സ് അനുകൂലികള്‍ തമ്മില്‍ വോട്ടെടുപ്പിനെ കുറിച്ച് ചൂടേറിയ വാഗ്വാദം നടന്നിരുന്നു. ആഗസ്റ്റില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഐക്യം നിലനിര്‍ത്തണമെന്ന് ഇരുഭാഗവും സമ്മതിച്ചിരുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള 80 സൂപ്പര്‍ ഡെലിഗേറ്റുകളില്‍ ഗവര്‍ണര്‍ ന്യൂസം അംഗമായിരുന്നു.