ട്രാന്‍സിറ്റ് യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കണമെന്ന് ആവശ്യം

കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ ധരിക്കാന്‍ ന്യൂജേഴ്‌സി ട്രാന്‍സിറ്റ് എല്ലാ യാത്രക്കാരോടും ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി ഒരു ട്വീറ്റില്‍ എന്‍ജെ ട്രാന്‍സിറ്റ് സിഡിസിയുടെ ശുപാര്‍ശയെ ഉദ്ധരിച്ചാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്. ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പൊതുസ്ഥലങ്ങളില്‍ മുഖം മൂടി ധരിക്കുകയും കുറഞ്ഞത് 6 അടി അകലെ സൂക്ഷിക്കണമെന്നും ഉപദേശിക്കുന്നു. എന്‍ജെ ട്രാന്‍സിറ്റിന്റെ ട്വീറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി ലിങ്കുചെയ്തിട്ടുണ്ട്. അതില്‍ യുഎസ് സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് ബന്ദന, സ്‌കാര്‍ഫ്, ഹാന്‍ഡ് ടവലുകള്‍, ടിഷര്‍ട്ടുകള്‍ എന്നിവയില്‍ നിന്ന് എങ്ങനെ മുഖം മറയ്ക്കാമെന്ന് കാണിക്കുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 90 ശതമാനം കുറഞ്ഞിട്ടുണ്ട്. വരുമാനനഷ്ടം നികത്താന്‍ 1.25 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓരോ 24 മണിക്കൂറിലും വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതില്‍ ഹാന്‍ഡ്‌ഹോള്‍ഡുകള്‍, കൈപ്പിടികള്‍, ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് എന്‍ജെ ട്രാന്‍സിറ്റ് അറിയിച്ചു. സ്റ്റേഷനുകളില്‍, ടിക്കറ്റ് വെന്‍ഡിംഗ് വെന്‍ഡിംഗ് മെഷീനുകള്‍, ഹാന്‍ട്രെയ്‌ലുകള്‍, വാതില്‍പ്പിടികള്‍ എന്നിവവൃത്തിയാക്കുന്നു. ഇതുവരെ കാണാത്തതായ ജീവിതക്രമത്തിലാണ് അമേരിക്ക. ഇങ്ങനെയവര്‍ ജീവിച്ചിട്ടില്ല, ശീലിച്ചിട്ടില്ല. ചില മരണങ്ങള്‍ ഉണ്ടായത് മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ബന്ധുജനങ്ങള്‍ക്ക് ഒന്നിച്ചു കൂടുന്നതിനോ അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കുന്നതിനോ സാധിക്കാത്തത് ദുഃഖത്തിന്റെ തീവ്രത കൂട്ടുന്നു. നിയമങ്ങള്‍ ശരിക്ക് പാലിക്കുന്നവരും നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കുന്നവരും സ്വന്തം ജീവനും കുടുംബത്തിന്റെ സുരക്ഷയും ജീവിതമൂല്യങ്ങളായി കണക്കാക്കുന്നവരുമായതു കൊണ്ടാണ് മലയാളികള്‍ ഒരു പരിധി വരെ കൊറോണ വ്യാപനത്തില്‍ നിന്നകന്നു നില്‍ക്കുന്നത്. ആരാധനാലയങ്ങളിലെ ഒത്തുകൂടിയുള്ള പ്രാര്‍ത്ഥനകള്‍ നടക്കാത്തത് വിശ്വാസസമൂഹത്തെ കുറച്ചൊന്നുമല്ല അലട്ടുന്നത്. പ്രത്യേകിച്ച്, ഈ കഷ്ടാനുഭവ ആഴ്ചയില്‍ പള്ളിയില്‍ പോയി പങ്കെടുത്തുള്ള ആരാധനാനുഭവം ഇല്ലാതെ പോയതില്‍. കമ്പ്യൂട്ടറിലൂടെയും ഫോണിലൂടെയുമുള്ള കൂട്ട പ്രാര്‍ത്ഥനകള്‍ ഇപ്പോള്‍ എല്ലാവരും ശീലമാക്കി. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം എന്നുള്ളത് അവര്‍ക്ക് ആശ്വാസമായി. പക്ഷേ പലരും ബോറടിക്കാന്‍ തുടങ്ങിയെന്നതാണ് വാസ്തവം. സ്‌കൂള്‍, കോളേജ് അധ്യാപകരും വീട്ടിലിരുന്നു കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടറിലൂടെ ക്ലാസ് എടുക്കുന്നു. ആശുപത്രി ജോലിക്കാരാണ് ശരിക്കും കഷ്ടപ്പെടുന്നത്. തങ്ങളുടെ സേവനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ്, തിരഞ്ഞെടുത്ത നിയോഗം പുണ്യമായി കരുതുന്നവരാണ് കൂടുതലും. പേടിച്ചരണ്ട ഒരു ചെറിയ സമൂഹം സര്‍ക്കാരിന്റെ പഴുതുകള്‍ ഉപയോഗിച്ച് വീട്ടിലിരിക്കുന്നു. എഫ്.എം.എല്‍.എ, എ.ഡി.എ എന്നിവ പ്രകാരം ജോലി ഉറപ്പാക്കിയിട്ടുള്ള അവധിയില്‍. പൊതുവേ സേവന സന്നദ്ധരായ ഇന്ത്യക്കാരുടെ ത്യാഗ മനസ്സിനെ മനസാലെ പ്രകീര്‍ത്തിക്കുന്നവരാണ് ഇവിടുത്തെ പൊതുസമൂഹം.