ട്രംപ് കോമാളി, പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഡിബേറ്റില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്നു വിളിച്ചതിലാണ് ബൈഡന്‍ ഖേദം പ്രകടിപ്പിച്ചത്. ആ പ്രയോഗം ഒഴിവാക്കാമായിരുന്നെന്നാണ് ബൈഡന്‍ പറഞ്ഞത്. എന്‍.ബി.സി ന്യൂസിനോടാണ് ബൈഡന്റെ പ്രതികരണം.

ഡിബേറ്റില്‍ ഇരു കൂട്ടരുടെയും പരാമര്‍ശങ്ങള്‍ അതിരുകടന്നില്ലേയെന്നും ഇതില്‍ ഖേദിക്കുന്നുണ്ടോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി.

‘ ഖേദിക്കുന്നുണ്ട്. സംവാദത്തില്‍ അദ്ദേഹത്തെയും മോഡറേറ്ററെയും ബഹുമാനിക്കാനും എനിക്ക് സംസാരിക്കാന്‍ ഒരവസം ലഭിക്കാനുമായി ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തികച്ചും വ്യക്തമായ ഒരു കാര്യം ഒരു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ അദ്ദേഹം ( ട്രംപ്) തയ്യാറായിരുന്നില്ല,’ ബൈഡന്‍ പറഞ്ഞു.

ഒരു ചോദ്യത്തിനും കാര്യമാത്രപ്രസക്തമായ ഉത്തരം ട്രംപ് നല്‍കിയില്ലെന്നും എല്ലാം ഉത്തരവും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് കേന്ദ്രീകരിച്ചായിരുന്നെന്നും ബൈഡന്‍ പറഞ്ഞു. ഇതുമൂലം നിരാശ പൂണ്ടാണ് ഇത്തരം പ്രയോഗം താന്‍ നടത്തിയതെന്നും ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഡിബേറ്റില്‍ ട്രംപും ബൈഡനും തമ്മില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ബൈഡന്‍ സംസാരിക്കുന്നതിനിടയില്‍ 73 തവണയാണ് ട്രംപ് ഇടയ്ക്ക് കയറി സംസാരിച്ചത്. തര്‍ക്കമായി മാറിയ ഡിബേറ്റിനെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നിയമങ്ങളില്‍ അടുത്ത ഡിബേറ്റ് മുതല്‍ മാറ്റം വരുത്തുന്നുണ്ട്.

ഇനി മുതല്‍ ഡിബേറ്റില്‍ ഒരാള്‍ സംസാരിക്കുന്നതിനിടയില്‍ കയറി സംസാരിക്കാന്‍ നോക്കുന്ന സ്ഥാനാര്‍ത്ഥിയുടെ മൈക്രോഫോണ്‍ കട്ട് ചെയ്യും.
ഒക്ടോബര്‍ 15 നാണ് അടുത്ത ഡിബേറ്റ് നടക്കുന്നത്. ട്രംപിന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഡിബേറ്റ് ഈ ദിവസം നടക്കുമോ എന്നത് സംബന്ധിച്ച് അറിയിപ്പൊന്നും വന്നിട്ടില്ല.