ട്രംപിന്റെ വരവില്‍ പ്രതീക്ഷയോടെ ഇന്ത്യ; പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ലോക രാജ്യങ്ങള്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കും. ട്രംപിന്റെ സന്ദര്‍ശനത്തില്‍ പൂര്‍ണതോതിലുള്ള വ്യാപാരക്കരാറുണ്ടായില്ലെങ്കിലും പരിമിതമായ ഉഭയകക്ഷി കരാറുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകവും. വിശദമായ റിപ്പോര്‍ട്ട് കാണാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, പ്രഥമ വനിത മെലാനിയ ട്രംപും ഈ മാസം 24, 25 തീയതികളില്‍ ഇന്ത്യയിലെത്തുന്നത്. 1947ലെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ആറ് സിറ്റിംഗ് യുഎസ് പ്രസിഡന്റുമാര്‍ മാത്രമാണ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളത്. ഇക്കാരണം കൊണ്ട് തന്നെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ശക്തിയെന്ന് വിലയിരുത്തപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം ആഗോള രാഷ്ട്രീയത്തിലും ഉഭയകക്ഷി ബന്ധത്തിലും സുപ്രധാനം ആകുമെന്നതില്‍ തര്‍ക്കമില്ല. അവസാനം ഇന്ത്യയിലെത്തിയ മൂന്ന് യുഎസ് പ്രസിഡന്റുമാരുടെ സന്ദര്‍ശനവും രാജ്യ സുരക്ഷ, ജനാധിപത്യ മൂല്യങ്ങള്‍, ജനാധിപത്യത്തോടുള്ള നേതാക്കളുടെ പ്രതിബദ്ധത, മനുഷ്യാവകാശങ്ങള്‍ തുടങ്ങി വിവിധ തലങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ച ഏക അമേരിക്കന്‍ പ്രസിഡന്റ്, ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്ത ഏക പ്രസിഡന്റ് എന്നീ പദവികള്‍ സ്വന്തമാക്കിയ ആളായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങള്‍ പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം എന്നീ മേഖലകളില്‍ ചരിത്രപരമായ പുരോഗതി സൃഷ്ടിച്ചിരുന്നു. യുഎസ്- ഇന്ത്യ ബന്ധത്തില്‍ പുതിയ അദ്ധ്യായം കുറിക്കുന്നതയാരുന്നു പ്രസിഡന്റ് ക്ലിന്‍ണ്‍ന്റെ ഇന്ത്യാ സന്ദര്‍ശനവും. യുഎസ് പ്രസിഡന്റുമാരായ ജോര്‍ജ്.ഡബ്ലു.ബുഷിന്റെയും, ഐസന്‍ഹോവറിന്റെയും സന്ദര്‍ശനങ്ങളും ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്തു. എന്തായാലും യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.