ട്രംപിന്റെ നികുതി റിട്ടേണുകള്‍ ലഭിക്കുന്നതിനെതിരെ കോടതിയുടെ താത്ക്കാലിക വിധി

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട് മാന്‍ഹട്ടനിലെ ഡിസ്ട്രിക്ട് അറ്റോര്‍ണി സൈറസ് വാന്‍സ് ജൂനിയറിന് രേഖകള്‍ ലഭിക്കുന്നത് ഫെഡറല്‍ കോടതി താത്ക്കാലികമായി വിലക്കി. ഇതോടെ കേസ് നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കപ്പെടാനുള്ള സാധ്യത ഇല്ലാതായി. ഇരുവിഭാഗത്തിന്റേയും ഹ്രസ്വവാദങ്ങള്‍ കേട്ടശേഷമാണ് മൂന്ന് അംഗങ്ങളുടെ ജഡ്ജിംഗ് പാനല്‍ തീരുമാനമെടുത്തത്. വിധിയില്‍ സന്തോഷമുണ്ടെന്ന് ട്രംപിന്റെ അഭിഭാഷകന്‍ ജയ് സെകുലോ പറഞ്ഞു. അുകൂലമല്ലാത്ത വിധി ന്യായമുണ്ടായാല്‍ ട്രംപ് പക്ഷം വേഗത്തില്‍ അപ്പീല്‍ നല്കുമെന്ന് ഉറപ്പുള്ളതിനാല്‍ രേഖകള്‍ ഉടന്‍ തന്നെ കാണാന്‍ സാധ്യതയില്ലെന്നാണ് റിച്ച്മണ്ട് സര്‍വകലാശാലയിലെ ലോ സ്‌കൂള്‍ പ്രൊഫസര്‍ കാള്‍ തോബിയാസ് അഭിപ്രായപ്പെട്ടത്. ട്രംപിന്റെ നികുതി രേഖകള്‍ വാന്‍സിന് ലഭിക്കുകയാണെങ്കില്‍ പോലും അത് രഹസ്യമായ അന്വേഷണത്തിന്റെ ഭാഗമായി മാത്രമായിരിക്കും. അവ പരസ്യമാകാനുള്ള സാധ്യതയില്ല. ഒരു വര്‍ഷം മുമ്പാണ് ഡെമോക്രാറ്റായ വാന്‍സ് റിപ്പബ്ലക്കന്‍ പ്രസിഡന്റിന്റെ അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ നിന്ന് നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയത്. പ്രസിഡന്റ് തന്റെ സ്വത്തുക്കളുടെ മൂല്യത്തെ കുറിച്ച് നികുതി ഉദ്യോഗസ്ഥരേയും ഇന്‍ഷൂറര്‍മാരേയും ബിസിനസ് സഹകാരികളെയും തെറ്റിദ്ധരിപ്പിച്ചെന്ന വിവരമുണ്ടായിരുന്നു. നികുതി റിട്ടേണുകള്‍ പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അങ്ങനെ ചെയ്യാത്ത ഏക ആധുനിക അമേരിക്കന്‍ പ്രസിഡന്റ് അദ്ദേഹം മാത്രമാണ്.