ടിബറ്റിനെ സംരക്ഷിക്കും; പ്രത്യേക പ്രതിനിധിയെ നിയമിച്ച് അമേരിക്ക ; കൂടിക്കാഴ്ച ആറു പതിറ്റാണ്ടിന് ശേഷം

ചൈനയുടെ മൃഗീയ അടിച്ചമര്‍ത്തലിന് വിധേയരായ ടിബറ്റിന് ഇനി അമേരിക്കയുടെ പരിരക്ഷ. ഇന്ത്യ ശക്തമായ പിന്തുണ നല്‍കികൊണ്ടിരിക്കുന്ന ടിബറ്റിന് ആറുപതിറ്റാണ്ടിന് ശേഷമാണ് ഒരു വിദേശ സര്‍ക്കാറിന്റെ നേരിട്ടുള്ള പിന്തുണ ലഭിക്കുന്നത്. അമേരിക്ക ടിബറ്റന്‍ മേഖലയ്ക്കായി റോബര്‍ട്ടോ എ ഡെസ്‌ട്രോ എന്ന ഉദ്യോഗസ്ഥനെ മൈക്ക് പോംപിയോ നിയമിച്ചു. ആറു പതിറ്റാണ്ടിന് ശേഷമാണ് പുറത്താക്കപ്പെട്ട ടിബറ്റന്‍ നേതാക്കളുമായി ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിലെ പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ അദ്ധ്യക്ഷനായ ലോബ്‌സാംഗ് സാന്‍ഗായുമായിട്ടാണ് ഡെസ്‌ട്രോയുടെ തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടന്നത്.

‘വലിയ അംഗീകാരമെന്നാണ് ടിബറ്റന്‍ പ്രതിനിധി മറുപടി നല്‍കിയത്. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ടിബറ്റിനെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ചര്‍ച്ചയ്ക്കായി വിളിക്കുന്നത്’ ട്വിറ്ററിലൂടെ ലോബ്‌സാംഗ് പറഞ്ഞു.

ക്വാഡ് യോഗത്തിന് ശേഷമാണ് അമേരിക്കയുടെ നീക്കമെന്നത് ഏറെ പ്രത്യേകതയോടെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ കാണുന്നത്. മേഖലയിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ പോംപിയോ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക ഹൂസ്റ്റണിലെ നയതന്ത്രകാര്യാലയം പൂട്ടിയതിന് ബദലായി ചൈന അടച്ചുപൂട്ടിയത് ടിബറ്റിന്റെ അതിര്‍ത്തി പ്രവിശ്യയായ ചെംഗ്ഡൂവിലെ അമേരിക്കയുടെ കോണ്‍സുലേറ്റായിരുന്നു. ടിബറ്റിലേക്ക് മറ്റ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളാരും സന്ദര്‍ശനം നടത്താതിരിക്കാന്‍ ചൈന എന്നും ബദ്ധശ്രദ്ധരാണ്. ഈ സാഹചര്യം നിലനില്‍ക്കേ അമേരിക്കയുടെ ടിബറ്റിനോടുള്ള പുതുക്കിയ നയം അതീവ ശ്രദ്ധനേടുകയാണ്.