ഞാനിപ്പോള്‍ മരിക്കും, ഞാന്‍ മക്കളെ സ്നേഹിക്കുന്നുവെന്ന് അവരോട് പറയൂ; ഫ്ളോയിഡിന്റെ അവസാനവാക്കുകള്‍

അമേരിക്കയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ക്രൂരതയ്ക്ക് കൂടുതല്‍ തെളിവുകള്‍. തന്നെ അറസ്റ്റ് ചെയ്യാന്‍ വരുന്ന പോലീസുകാരോട് സഹകരിക്കാന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് ആദ്യം സന്നദ്ധനായിരുന്നുവെന്നാണ് പോലീസുദ്യോഗസ്ഥരുടെ യൂണിഫോണിന്റെ ഭാഗമായ ബോഡിക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. തന്നെ വെടിവെക്കരുതെന്ന് ഇയാള്‍ പോലീസിനോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പോലീസ് ബലം പ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ താന്‍ ഒരു ക്ലസ്‌ട്രോഫോബിക് ( ഇടുങ്ങിയ ഇടങ്ങളോട് ഭയം തോന്നുന്ന അവസ്ഥ) ആയ ആളാണെന്നും ജോര്‍ജ് ഫ്‌ളോയിഡ് പോലീസിനോട് പറയുന്നു. പോലീസ് ബോഡി ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ബുധനാഴ്ചയാണ് പുറത്തുവിട്ടത്. കസ്റ്റഡിയിലാകുന്ന സമയത്ത് കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് ജോര്‍ജ് ഫ്‌ളോയ്ഡ് പറയുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരിലൊരാളായ ഡെറെക് ചൗവിന്‍ ഇദ്ദേഹത്തിന്റെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തിപ്പിടിച്ചത്. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന അലക്‌സാണ്ടര്‍ ക്വെങ്, തോമസ് ലെയ്ന്‍ എന്നീ പോലീസുദ്യോഗസ്ഥര്‍ ധരിച്ചിരുന്ന ബോഡി ക്യാമറയിലെ ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. കേസില്‍ മൂന്നു പേര്‍ക്കുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ കുറ്റം ചെയ്യുന്നതില്‍ പങ്കാളികളല്ലെന്ന് സ്ഥാപിക്കുന്നതിനായി ഇവരുടെ അഭിഭാഷകനാണ് ഈ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു തോമസ് ലെയ്ന്‍. ജോര്‍ജ് ഫ്‌ളോയ്ഡിനെ ഏത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഡെറെക് ചൗവിന്‍ അതിന് വഴങ്ങുകയോ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍നിന്ന് കാല്‍മുട്ട് മാറ്റുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എട്ടു മിനിറ്റോളമാണ് ഇയാള്‍ ജോര്‍ജ് ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ചത്. ഇതേതുടര്‍ന്ന് ഫ്‌ളോയ്ഡ് കൊല്ലപ്പെടുകയായിരുന്നു. കസ്റ്റഡിയിലാകുന്നതിന് മുമ്പുതന്നെ ഫ്‌ളോയ്ഡിന് വെടിയേറ്റിരുന്നു. അതിനാല്‍ തന്നെ ഇനിയും വെടിവെക്കരുതെന്ന് ഇദ്ദേഹം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിരുന്നു. കാറിനുള്ളില്‍ താന്‍ കയറാത്തതിന്റെ കാരണവും തനിക്ക് രോഗമുണ്ടെന്നും ഫ്‌ളോയ്ഡ് ആവര്‍ത്തിക്കുന്നു. താന്‍ തീര്‍ച്ചയായും മരിച്ചുുപോകുമെന്ന് ഇദ്ദേഹം ഭയപ്പെടുന്നുണ്ട്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസിനെ കണ്ട് വിരണ്ടുപോയ ഫ്‌ളോയ്ഡ് വല്ലാത്ത ആശയക്കുഴപ്പത്തിലായി. പോലീസിന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുന്നതില്‍ ഭയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്റെ കൈയില്‍ ബന്ധിച്ചിരിക്കുന്ന വിലങ്ങ് അഴിച്ചുതരണമെന്നും ആരെയും താന്‍ ഉപദ്രവിക്കില്ലെന്നും ഫ്‌ളോയ്ഡ് കരഞ്ഞു പറഞ്ഞു. തനിക്ക് കോവിഡ് ബാധിച്ചിരുന്നുവെന്നും താന്‍ ഇപ്പോള്‍ മരിച്ചുപോകുമെന്നും ഇയാള്‍ പറയുന്നു. പോലീസ് ബലം പ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഫ്‌ളോയ്ഡ് കുതറുന്നുണ്ട്. ഇതിനിടെ തലയിടിച്ച് മുഖത്തുനിന്ന് രക്തം വരാനും തുടങ്ങി. ഇതോടെ തോമസ് ലെയ്ന്‍സ് അത്യാഹിത വിഭാഗത്തില്‍ വിവരമറിയിച്ച് ആംബുലന്‍സ് വിളിപ്പിച്ചു. ആരെങ്കിലും എന്നെ കേള്‍ക്കു, ആരെങ്കിലും… എനിക്ക് ശ്വാസമെടുക്കാന്‍ പറ്റുന്നല്ല, എനിക്ക് കോവിഡ് ബാധിച്ചിരുന്നു- ജോര്‍ജ് ഫ്‌ളോയ്ഡ് വിലപിക്കുന്നു. ഇതോടെ ഡെറെക് ചൗവിന്‍ ഇദ്ദേഹത്തെ വലിച്ച് പുറത്തിട്ട് നിലത്ത് കിടത്തി. എന്നിട്ട് കാല്‍മുട്ട് കഴുത്തില്‍ അമര്‍ത്തി. ഇതോടെ അദ്ദഹം കരയാന്‍ തുടങ്ങി. എന്റെ ദൈവമേ, എനിക്കിത് വിശ്വസിക്കാനാകുന്നില്ല, അമ്മേ, എന്റെ മക്കളോട് പറയു, ഞാനവരെ സ്‌നേഹിക്കുന്നുണ്ടെന്ന്. ഞാനിപ്പോള്‍ മരിക്കും. – ഇതോടെ പ്രകോപിതനായ ഡെറെക് ചൗവിന്‍ കാല്‍മുട്ട് കൂടുതല്‍ അമര്‍ത്തി. നിങ്ങള്‍ കൂടുതല്‍ സംസാരിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, ജോര്‍ജ് ഫ്‌ളോയ്ഡിന്റെ അവസ്ഥ കണ്ട് തോമസ് ലെയ്ന്‍ ഇയാളോട് മാറാന്‍ ആവശ്യപ്പെടുന്നുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടും അയാള്‍ വഴങ്ങിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് മരണം സംഭവിക്കാമെന്ന് തോമസ് ലെയ്ന്‍ പറയുന്നുണ്ടെങ്കിലും നമ്മള്‍ ആംബുലന്‍സ് വിളിച്ചിട്ടുണ്ടല്ലോ എന്നായിരുന്നു ഡെറെക് ചൗവിന്‍ മറുപടി നല്‍കിയത്. ഇവരുടെ വാദപ്രതിവാദങ്ങള്‍ക്കിടെ ജോര്‍ജ് ഫ്‌ളോയ്ഡ് മരിക്കുകയും ചെയ്തു. പാരാമെഡിക്കല്‍ ജീവനക്കാര്‍ എത്തുന്നതുവരെ ഡെറെക് ചൗവിന്‍ കാല്‍മുട്ട് മാറ്റിയതുമില്ല. പോലീസിന്റെ പിടിയിലായതുമൂലമുണ്ടായ മാനസിക ആഘാതവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും മൂലം ഹൃദയാഘാതം വന്നാണ് ജോര്‍ജ് ഫ്‌ളോയ്ഡ് മരിച്ചതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.