ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി യു.എസ്.

വാഷിങ്ടൺ ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി യു.എസ്. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേർന്നുനിൽക്കുന്ന കുററകൃത്യങ്ങൾ ചൈന നടത്തുന്നതായാണ് യു.എസിന്റെ ആരോപണം.

‘വംശഹത്യയല്ലെങ്കിൽ അതിനോട് വളരെ അടുത്തുനിൽക്കുന്ന എന്തോ ഒന്നാണ് ഷിൻജിയാങ്ങിൽ നടക്കുന്നത്.’ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ പറഞ്ഞു. ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യമുടി ഉപയോഗിച്ച് നിർമിച്ച നിരവധി ഉൽപന്നങ്ങൾ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ടെന്നും അവയെല്ലാം ഷിൻജിയാങ്ങിൽ നിർമിച്ചതാണെന്നും റോബർട്ട് പറയുന്നു. ഉയിഘുർ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് മുടി ഉല്പന്നങ്ങൾ നിർമിച്ച് അവ യുഎസിലേക്ക് കയറ്റി അയയ്ക്കുകയാണ് ചൈന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണിൽ മനുഷ്യ മുടി ഉപയോഗിച്ചുളള ഷിൻജിയാങ്ങിൽ നിന്നുളള ഉല്പന്നങ്ങളുടെ ഇറക്കുമതി യു.എസ്. തടഞ്ഞിരുന്നു.

ഉയിഘുർ , മറ്റു ന്യൂനപക്ഷ മുസ്ലീങ്ങൾ എന്നിവരോടുളള ചൈനയുടെ പെരുമാറ്റത്തെ നേരത്തേ യുഎസ് അപലപിച്ചിരുന്നു. എന്നാൽ വംശഹത്യ ആരോപണം നടത്തുന്നത് ആദ്യമായാണ്. ചൈനക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുന്ന, നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആരോപണമാണ് യു.എസ് നടത്തിയിരിക്കുന്നത്.

പത്തു ലക്ഷത്തിലധികം മുസ്ലീങ്ങൾ ഷിൻജിയാങ്ങിൽ കരുതൽ തടങ്കലിലാണെന്നാണ് ഐക്യ രാഷ്ട്രസഭയുടെ കണക്ക്. പ്രദേശത്ത് മനുഷ്യരാശിക്കെതിരായ കുററകൃത്യങ്ങളും വംശഹത്യയും നടക്കുന്നുണ്ടെന്ന് ആക്ടിവിസ്റ്റുകളും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം ചൈന പ്രതിരോധിച്ചിരിക്കുകയാണ്. ഷിൻജിയാങ്ങിലെ തങ്ങളുടെ ക്യാമ്പ് തൊഴിൽ പരിശീലനങ്ങൾ നൽകുന്നുണ്ടെന്നും തീവ്രവാദത്തിനെതിരെ പോരാടാൻ ജനങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ചൈനയുടെ അവകാശവാദം.