ഘട്ടംഘട്ടമായി ഉംറക്ക് അനുമതി നൽകും

ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ അനുമതി ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നു.  ഉംറ കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് പടിപടിയായി അനുമതി നല്‍കാനുള്ള പദ്ധതി സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ പരിമിതമായ തോതില്‍ സൗദിക്കകത്തുള്ളവര്‍ക്കാണ് ഉംറ അനുമതി നല്‍കുക.കര്‍ശന വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ അനുമതി നല്‍കുക. ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ഉംറ അനുമതി പത്രം നേടണമെന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം. ഉംറ നിര്‍വഹിക്കുന്ന തീയതി, ഉംറ കര്‍മം നിര്‍വഹിക്കുന്ന സമയം എന്നിവയെല്ലാം പ്രത്യേക ആപ്പ് വഴി മുന്‍കൂട്ടി പ്രത്യേകം നിര്‍ണയിക്കേണ്ടിവരും. കൊറോണയില്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും തീര്‍ഥാടകര്‍ ഹാജരാക്കേണ്ടിവരും.