ഗൂഗിളും ഫേസ് ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണം; ചട്ടംകൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ

ഗൂഗിളും ഫേസ് ബുക്കും വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന ചട്ടംകൊണ്ടുവരാനൊരുങ്ങി ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളുമായി ചർച്ച നടത്താൻ ഇരുസ്ഥാപനങ്ങൾക്കും ഓസ്‌ട്രേലിയൻ സർക്കാർ മൂന്നുമാസത്തെ സമയവും കരട് പെരുമാറ്റച്ചട്ടവും ഓസ്‌ട്രേലിയ പുറത്തിറക്കി.

അതേസമയം, ഓസ്‌ട്രേലിയൻ സർക്കാർ പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടം കടുത്ത നടപടിയാണെന്നും ഇത് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും ഗൂഗിൾ പ്രതികരിച്ചു. എന്നാൽ, ഈ വിഷയത്തിൽ ഫേസ് ബുക്ക് പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ഈ ചട്ടത്തിന്റെ പരിധിയിൽ ആദ്യം ഗൂഗിളിനെയും ഫേസ്ബുക്കിനെയും മറ്റുള്ളവയെ പിന്നാലെ ഉൾപ്പെടുത്തുമെന്നും ഓസ്‌ട്രേലിയൻ ധനവിനിയോഗ മന്ത്രി ജോഷ് ഫ്രൈഡൻബെർ വ്യക്തമാക്കി. വാർത്താമാധ്യമ വ്യാപാരത്തെ സഹായിക്കുന്നതിനും ഉപഭോക്തൃതാത്പര്യം സംരക്ഷിക്കുന്നതിനും, സുസ്ഥിര മാധ്യമ പരിസ്ഥിതിയൊരുക്കുന്നതിനുമാണ് പുതിയ ചട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുമാസത്തിനകം ഇക്കാര്യത്തിൽ ധരണയാകാത്ത പക്ഷം മധ്യസ്ഥരെ നിയമിക്കും. കരട് ചട്ടം ഈ മാസം 28 വരെ ചർച്ചയ്ക്കുവെക്കും. അതിനുശേഷം പാർലമെന്റിൽ അവതരിപ്പിക്കും.

മാധ്യമങ്ങളുടെ ഉള്ളടക്കത്തിന് മുൻഗണനാക്രമവും അൽഗരിതത്തിന്റെ സുതാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളും ചട്ടത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ചട്ടം ലംഘിച്ചാൽ വാർഷിക വിറ്റുവരവിന്റെ 10 ശതമാനമോ ഒരുകോടി ഓസ്‌ട്രേലിയൻ ഡോളറോ (53.8 കോടി രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരും.

യഥാർഥ ഉള്ളടക്കത്തിന് മാന്യമായ പണം ഉറപ്പുവരുത്തുകയാണ് ചട്ടത്തിന്റെ ലക്ഷ്യമെന്ന് ഫ്രൈഡൻബെർഗ് പറഞ്ഞു.