ഗൂഗിളിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് അടുത്ത ജൂലൈ വരെ വര്‍ക്ക് ഫ്രം ഹോം

കാലിഫോണിയ: ഗൂഗിള്‍ ജീവനക്കാര്‍ക്ക് അടുത്ത ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് താല്‍ക്കാലികമായി നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചുകൊണ്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. ഗൂഗിളിലെയും മാതൃസ്ഥാപനമായ ആല്‍ഫാബെറ്റ് ഇന്‍കോര്‍പ്പറേഷനിലെയും രണ്ട് ലക്ഷത്തോളം പൂര്‍ണസമയ, കരാര്‍ ജീവനക്കാര്‍ക്ക് പുതിയ തീരുമാനം നേട്ടമാകും. അതേസമയം, അടുത്ത ജനുവരിയോടെ ജീവനക്കാര്‍ കമ്പനികളില്‍ തിരിച്ചെത്തണമെന്ന് അറിയിച്ചിട്ടുള്ള മറ്റു ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഗൂഗിളിന്റെ തീരുമാനം തിരിച്ചടിയാകും.

ആല്‍ഫബെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുന്ദര്‍ പിച്ചൈ സ്വയമെടുത്ത തീരുമാനമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞയാഴ്ച സുന്ദര്‍ പിച്ചൈ അധ്യക്ഷനായ ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആഭ്യന്തര ഗ്രൂപ്പായ ഗൂഗിള്‍ ലീഡ്‌സിന്റെ യോഗത്തിലെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞയാഴ്ച തന്നെ ഇക്കാര്യം ഏതാനും ജീവനക്കാരെ അറിയിച്ചിരുന്നു. ഇതൊട്ടും എളുപ്പമായിരിക്കില്ലെന്ന് അറിയാം. അടുത്ത 12 മാസത്തേക്ക് വീട്ടിലിരുന്നും നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിച്ചുകൊണ്ട് ജോലി ക്രമീകരിച്ചുകൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് അവസരമാകുമെന്ന് കരുതുന്നതായി ജീവനക്കാര്‍ക്കുള്ള കത്തില്‍ പിച്ചൈ അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്തെ ജീവിത ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പിച്ചൈയുടെ തീരുമാനമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കുടുംബത്തിനൊപ്പം ആയിരിക്കാനുള്ള അവസരത്തിനൊപ്പം ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയുമായി പൂര്‍ണ വര്‍ഷ കരാര്‍ ഒപ്പിടാനും ഇത് അവസരമൊരുക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം, പുതിയ ജോലി ക്രമീകരണം ഫലപ്രാപ്തിയെ എങ്ങനെ ബാധിക്കുമെന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ കമ്പനി ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സമ്പദ് വ്യവസ്ഥ സന്തുലിതമാക്കാനാണ് ശ്രമം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചിലാണ് ഗൂഗിള്‍ ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയത്. താല്‍ക്കാലിക ക്രമീകരണമായിരുന്നെങ്കിലും പിന്നീട് രണ്ടു തവണ സമയപരിധി നീട്ടിനല്‍കിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം, ഏതാനും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഗൂഗിളിന്റെ തീരുമാനം തിരിച്ചടിയാകും. ചില കമ്പനികള്‍ ജീവനക്കാരെ തിരിച്ചെത്തിച്ച് സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് ന്യൂയോര്‍ക്കിലെ ജീവനക്കാരോട് ശൈത്യകാലം കഴിഞ്ഞാലുടന്‍ ഓഫിസില്‍ എത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സെയില്‍സ്‌ഫോഴ്‌സ്.കോമിലെ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഈ വര്‍ഷം അവസാനത്തോടെ അവസാനിക്കും. എന്നാല്‍ അടുത്ത പത്ത് വര്‍ഷത്തേക്കെങ്കിലും തങ്ങളുടെ പകുതിയോളം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യേണ്ടിവരുമെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അഭിപ്രായം.