ഗുണമില്ലെങ്കില്‍ ചൈനീസ് വേണ്ട; നിലപാട് കടുപ്പിച്ച് ഇന്ത്യ, കൊച്ചിയിലും പരിശോധന

ന്യൂഡല്‍ഹി∙ ആപ് നിരോധനത്തിനു പിന്നാലെ ചൈനയ്‌ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ. വിലക്കുറവുണ്ടെങ്കിലും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ഉയരുന്ന വിമര്‍ശനം ഗുണനിലവാരത്തെക്കുറിച്ചാണ്. ‘ചൈനീസ് സാധനമല്ലേ, ഇത്രയും പ്രതീക്ഷിച്ചാല്‍ മതി’യെന്നാണു പരക്കെ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഇനി ഈ സ്ഥിതി മാറും.

ചൈനയില്‍നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടം, സ്റ്റീല്‍ ബാര്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, ഹെവി യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിർമിത വസ്തുക്കൾ, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്നതിനു തടയിടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം തന്നെ വാണിജ്യമന്ത്രാലയം ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കു ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 371 എണ്ണമാണ് നിലവാരക്കുറവുള്ളതായി വാണിജ്യമന്ത്രാലയം തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു.

ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാര പരിധി നിശ്ചയിച്ച് കാണ്ഡല, മഹാരാഷ്ട്ര, കൊച്ചി എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ ബിഐഎസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് പരിശോധന കര്‍ശനമാക്കുമെന്നും പ്രമോദ് കുമാര്‍ അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാവും പരിശോധന.

ഡിസംബറോടെ ചില ഉല്‍പന്നങ്ങള്‍ക്കുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കും. ബാക്കിയുള്ളവയുടേത് 2021 മാര്‍ച്ചില്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു രാജ്യം, ഒരു ഗുണനിലവാരം’ എന്ന പദ്ധതിക്കു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും പ്രമോദ് കുമാര്‍ അറിയിച്ചു.