ക്രിപ്റ്റോ കറന്‍സിയുമായി ഫേസ്ബുക്ക് മുന്‍പോട്ട്: യോഗത്തില്‍ ഒപ്പുവെച്ചത് 21 ചാര്‍ട്ടര്‍ അംഗങ്ങള്‍!

ന്യൂയോര്‍ക്ക്: എതിര്‍പ്പുകള്‍ അവഗണിച്ച് പുതിയ ക്രിപ്റ്റോ കറന്‍സി നിര്‍മിക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. ലിബ്ര എന്നപേരിലാണ് ക്രിപ്റ്റോ കറന്‍സി പുറത്തിറങ്ങുന്നത്. യുഎസ് റെഗുലേറ്റര്‍മാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ലിബ്ര അസോസിയേഷനാണ് ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കുന്നത്. തിങ്കളാഴ്ച ജെനീവയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ 21 ചാര്‍ട്ടര്‍ അംഗങ്ങളും ഒപ്പുവെച്ചിരുന്നു. ലിബ്ര അസോസിയേഷനില്‍ 27 അംഗങ്ങളാണുള്ളത്. എന്നാല്‍ വിസ, മാസ്റ്റര്‍കാര്‍ഡ്, പേയ്പാല്‍ തുടങ്ങിയ കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു.നിലവില്‍ അവശേഷിക്കുന്ന അംഗങ്ങള്‍ നിലവില്‍ ലിബ്ര അസോസിയേഷനിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളാണ്. യൂബര്‍, ലിഫ്റ്റ്, സ്പോട്ടിഫൈ, യൂറോപ്യന്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയായ വോഡ‍ഫോണ്‍ എന്നിവരും അസോസിയേഷന്‍ അംഗങ്ങളാണ്. 180 ഓളം സ്ഥാപനങ്ങള്‍ ക്രിപ്റ്റോ കറന്‍സിക്കൊപ്പം ചേരാന്‍ താല്‍പ്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. അര്‍ജന്റീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്സ് സ്ഥാപനം മെക്കാഡോലിബ്ര. ഫിന്‍ടെക് കമ്പനി സ്ട്രൈപ്പ്, ബുക്കിംഗ് ഡോട്ട്കോം എന്നീ കമ്പനികളുമായി ഫേസ്ബുക്ക് ധാരണയിലെത്തിയിട്ടുണ്ട്