കോവിഡ്; 90 വയസുകാരിയും ഒരു യുവാവും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കോവിഡ്19 ടെക്‌സസില്‍ ഒട്ടാകെയും നോര്‍ത്ത് ടെക്‌സസിലെ വിവിധ കൗണ്ടികളിലും കൊറോണ വൈറസിന്റെ പുതിയ കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ടു ചെയ്യുന്നു. ടറന്റ് കൗണ്ടിയിലെ ഫോര്‍ട്ടുവര്‍ത്തില്‍ സംഭവിച്ച 3 മരണങ്ങളില്‍ ഒരു 90 വയസുകാരിയും ഒരു യുവാവും ഉള്‍പ്പെട്ടു. മൂവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ച് കൗണ്ടിയില്‍ മരിച്ചവര്‍ 43 ആയി. കൗണ്ടി 1,333 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 223 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ഡെന്റണ്‍ കൗണ്ടിയില്‍ ലൂയിസ്വില്‍ നിവാസിയായ 60 കാരന്‍ മരിച്ചതോടെ മരണം 18 ആയി. മൊത്തം 619 പോസിറ്റീവ് കേസുകളും 258 സുഖം പ്രാപിച്ചവരുടെ വിവരവും റിപ്പോര്‍ട്ടു ചെയ്തു. കൊളിന്‍ കൗണ്ടിയില്‍ മരിച്ചത് 86 വയസുള്ള സ്ത്രീയാണ്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ മക്കിനി നിവാസിയാണ്. കൗണ്ടിയില്‍ 570 കേസുകള്‍ ഉണ്ട്. 17 പേര്‍ ആശുപത്രിയിലാണ്. 383 പേര്‍ സുഖം പ്രാപിച്ചു. റോക്ക്വാള്‍ കൗണ്ടിയില്‍ മൊത്തം 55 കേസുകള്‍ ഉള്ളതില്‍ 18 വയസില്‍ താഴെയുള്ള 2 കുട്ടികളുണ്ട്.കോഫ്മാന്‍ കൗണ്ടിയില്‍ മൊത്തം കേസുകള്‍ 48 ആയി. 32 പേര്‍ ഫോര്‍ണി, മസ്‌കിറ്റ് പ്രദേശങ്ങളില്‍ ഉള്ളവരാണ്. 28 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു.ജോണ്‍സണ്‍ കൗണ്ടിയില്‍ 57 കേസുകളുണ്ട്. 2 മരണം സംഭവിച്ചു. 25 പേരെ ഹോം ഐസൊലേഷനില്‍ നിന്ന് വിമുക്തരാക്കി. ഡാലസ് കൗണ്ടിയില്‍ 2,602 കേസുകള്‍ ഉണ്ടായി. 64 മരണങ്ങള്‍ സംഭവിച്ചു. അസുഖം ബാധിച്ചവരില്‍ നാലില്‍ ഒരാളെ ആശുപത്രിയിലാക്കേണ്ടി വന്നു. കഴിഞ്ഞ രണ്ടാഴ്ചകളെ അപേക്ഷിച്ച് ഇപ്പോള്‍ ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലേയ്ക്കു അയയ്ക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.