കോവിഡ് 19; രോഗബാധിതര്‍ 36 ലക്ഷം കവിഞ്ഞു; മരണം രണ്ടര ലക്ഷം

ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ഇതുവരെ 2,52,420 പേരുടെ ജീവനെടുത്തു. ഇതുവരെ രോഗം മുപ്പത്തിയാറു ലക്ഷം പേരില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. 24 മണിക്കൂറിനിടെ 75,925 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 3,575 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 11,90,967 ആളുകള്‍ രോഗത്തെ അതിജീവിച്ചു. 21,96,926 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 49,627 പേരുടെ സ്ഥിതി ഗുരുതരമാണ്. കോവിഡുമായുള്ള ചെറുത്തു നില്‍പ്പില്‍ അമേരിക്കയ്ക്ക് നേരിയ ആശ്വാസം. ഇവിടെ നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കി തുടങ്ങി. കോവിഡ് 19ന്റെ പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്ക്, ന്യൂജഴ്സി സംസ്ഥാനങ്ങളൊഴികെ ഉള്ള മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ ഇളവുകള്‍ നിലവില്‍ വന്നു. സ്റ്റേ അറ്റ് ഹോം ഉത്തരവുകള്‍ മിക്ക സംസ്ഥാനത്തും അവസാനിച്ചിട്ടുണ്ട്. പലേടത്തും റസ്റ്ററന്റുകള്‍, സിനിമാ തീയേറ്ററുകളടക്കമുള്ളവ തുറന്നു. ആഭ്യന്തര വിമാനസര്‍വീസുകളിലും തിരക്കേറിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും പാര്‍ക്കുകള്‍ കഴിഞ്ഞദിവസം തുറന്നു. ഇവിടങ്ങളിലെ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. എന്നിരുന്നാലും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്കുകള്‍ ധരിക്കണമെന്നുമുള്ളത് നിര്‍ബന്ധമാണ്. അതേ സമയം അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 12 ലക്ഷം കവിഞ്ഞു. മരണ സംഖ്യ 69,925 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ ആകെ മരണം 25,428. രോഗം ബാധിച്ചവര്‍ 2,48,301. ഇറ്റലിയില്‍ ആകെ 2,11,938 രോഗ ബാധിതരില്‍ 29,079 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ രോഗബാധിതര്‍ 1,69,462. മരണം 25,201. റഷ്യയില്‍ രോഗം ബാധിച്ചവര്‍ 1,45,268. മരണം 1,356. ഇന്ത്യയില്‍ രോഗബാധിതര്‍ 46,476, മരണ സംഖ്യ 1571.