കോവിഡ്-19; യു.കെ ക്യാബിനറ്റ് മന്ത്രി അലോക് ശര്‍മ്മ ഐസോലേഷനില്‍

ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ ബിസിനസ്സ് വകുപ്പ് കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രിയായ അലോക് ശര്‍മ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിച്ചു. ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. ആഗ്രയില്‍ ജനിച്ച 52 കാരനായ ശര്‍മ ബോറിസ് സര്‍ക്കാരിലെ കോവിഡ് ബാധിതനായ ഏറ്റവും അവസാനത്തെ അംഗമാണ്. നേരത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, എന്നിവര്‍ക്കും മറ്റ് ചില മന്ത്രിമാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.  

കോര്‍പ്പറേറ്റ് ഭരണത്തിന്റെയും പാപ്പരത്ത ബില്ലിന്റെയും രണ്ടാം വായനയ്ക്ക് ചേംബറില്‍ ചേര്‍ന്നപ്പോളാണ് അലോക് ശര്‍മയ്ക്ക് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അനുസൃതമായി, അദ്ദേഹം കോവിഡ് ടെസ്റ്റിന് വിധേയനാവുകയും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതെതുടര്‍ന്നാണ് ഏകാന്ത വാസം തുടങ്ങിയത്. ചേംബറില്‍ പ്രസ്താവന നടത്തുന്നതിനിടെ, സിഒപി 26 പ്രസിഡന്റ് കൂടിയായ ശര്‍മ്മ ഒരു തൂവാലകൊണ്ട് മുഖം തുടച്ചുമാറ്റുന്നത് കണ്ടു. ഷാഡോ ബിസിനസ് സെക്രട്ടറി എഡ് മിലിബാന്‍ഡ് അദ്ദേഹത്തിന് ഒരു ഗ്ലാസ് വെള്ളം കൈമാറുകയും ചെയ്തിരുന്നു. ശര്‍മയുടെ രോഗസ്ഥിരീകരണത്തെ തുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സിലെ എംപിമാര്‍ക്കായി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.