കോവിഡ് 19 ന്റെ ലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ വൈറസ് ബാധ കണ്ടെത്തിയത് ഗുരുതരാവസ്ഥയില്‍

കോവിഡ് 19 ബാധിച്ചവരില്‍ കണ്ടുവരുന്ന പൂര്‍ണമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികളില്‍ ഹൃദയാഘാതവും വൈറസ് ബാധയും കണ്ടെത്തി. ആദ്യ ശ്രവ പരിശോധനകളില്‍ കോവിഡ് നെഗറ്റീവായ കുട്ടികളിലാണ് പിന്നീട് ഹൃദയാഘാതം പോലുള്ള ഗുരുതര രോഗലക്ഷണങ്ങളും വൈറസ് ബാധയും കണ്ടെത്തിയത്. ക്വീന്‍സിലെ റിച്ച്മണ്ട് ഹില്ലില്‍ 8 വയസ്സുള്ള ഒരു ആരോഗ്യവാനായിരുന്ന ജെയ്ഡന്‍ ഹാര്‍ഡോവര്‍ എന്ന കുട്ടിക്ക് വൈറസ് ബാധ കണ്ടെത്തിയത് ഹൃദയാഘാതത്തിന് ശേഷമാണെന്ന് അമ്മ നവിതയെയും അച്ഛന്‍ റൂപ്പിനെയും ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്ക് ചെറിയ തോതില്‍ വയറിളക്കവും പനിയുമല്ലാതെ കൊറോണ രോഗികളില്‍ കാണുന്ന ശ്വസം മുട്ടല്‍ പോലുള്ള ഗുരുതര ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വമാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഉള്ള ജെയ്ഡന്റെ വീട്ടില്‍ മറ്റാര്‍ക്കും കൊറോണ വന്നിട്ടുമില്ല. ഏപ്രില്‍ അവസാനത്തോടെയാണ് ജെയ്ഡന് പനിയും വയറിളക്കവും തുടങ്ങിയത്. മാതാപിതാക്കള്‍ അവനെ ശിശുരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി, താമസിയാതെ ചികിത്സയോട് അവന്‍ നന്നായി പ്രതികരിക്കുന്നതായി കാണപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പനി കുറഞ്ഞുവെന്നും ഒരിക്കലും ശ്വാസതടസ്സം കാണിച്ചിട്ടില്ലെന്നും അമ്മ നവിത ഹാര്‍ഡോവര്‍ പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ജെയ്ഡന്റെ ആരോഗ്യം പഴയതുപോലെ ആയില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും, വയറിളക്കം മൂലമാകാമെന്ന് വിശ്വസിച്ചതിനാല്‍ അമിതമായി വിഷമിച്ചതുമില്ല. എന്നാല്‍ അധികം വൈകാതെ കുട്ടിയുടെ ആരോഗ്യ നില വീണ്ടും വഷളായി. ഹൃദയമിടിപ്പുപോലും തിരിച്ചറിയാന്‍ പറ്റാത്തത്ര അവശത. ചുണ്ടുകള്‍ നീല നിറമായി. കഠിനമായ ശ്വാസ തടസം. ഉടനെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചു വെന്റിലേറ്ററിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതായും കോവിഡ് ബാധയുണ്ടായതായും കണ്ടെത്തിയത്. അവനെ ചികിത്സിച്ച നസ്സാവു കൗണ്ടിയിലെ കോഹന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സമാനമായ അവസ്ഥയില്‍ ചികിത്സ തേടിയ 40 ഓളം കുട്ടികളായ രോഗികളുണ്ടെന്ന് എന്‍ബിസി ന്യൂയോര്‍ക്ക് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. ലക്ഷണങ്ങളില്ലാതെ കോവിഡ് രോഗികളായി മാറിയ നിരവധി കുട്ടികളെ ദിവസവും കാണുന്നതായി ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ജെയിംസ് ഷ്നൈഡര്‍ പറഞ്ഞു. ദിവസവും ഇത്തരം കേസുകള്‍ തീവ്ര പരിചരണ വിഭാഗത്തിലേക്കു വരുന്നുണ്ട്. സമാനമായ ഗുരുതരാവസ്തയില്‍ ആറ് പേര്‍ എന്റെ തീവ്രപരിചരണ വിഭാഗത്തില്‍ ഇപ്പോള്‍ ഉണ്ട്. ഈ സിന്‍ഡ്രോം വികസിക്കുമ്പോള്‍ രക്തക്കുഴലുകളെ ബാധിക്കുകയും അത് കഠിനമായ ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും ഡോക്ടര്‍ പറഞ്ഞു. തന്റെ മകന് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് റൂപ്പിന് ഇപ്പോഴും ഉറപ്പില്ല. രണ്ട് മുതിര്‍ന്നവരും നാല് കുട്ടികളും ഉള്‍പ്പെട്ട വീട്ടില്‍ ഞങ്ങളാരും രോഗികളായിരുന്നില്ല. നല്ല ആരോഗ്യമുള്ളവരും സാമൂഹിക അകലം പാലിക്കുന്നതും വളരെ ഉത്സാഹമുള്ളവരും ആയിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതി,’ അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവര്‍ ആന്റിബോഡി പരിശോധന പൂര്‍ത്തിയാക്കി, കൂടാതെ ജെയ്ഡന് അവരില്‍ ഏതെങ്കിലും ഒരാളില്‍ നിന്ന് ഇത് ലഭിച്ചോ എന്ന് അറിയാന്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് ഇപ്പോഴും അവനെ നേരില്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. വീഡിയോ ചാറ്റ് വഴിയാണ് ജെയ്ഡനും മാതാപിതാക്കളും സഹോദരങ്ങളും കാണുന്നതും സംസാരിക്കുന്നതും.