കോവിഡ് മരണം ; 30 ശതമാനത്തിലേറെയും കറുത്ത വര്‍ഗ്ഗക്കാര്‍

അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 30 ശതമാനത്തിലേറെയും കറുത്ത വര്‍ഗ്ഗക്കാര്‍. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലൂസിയാന തുടങ്ങിയ പ്രദേശങ്ങളിലെ ജനസംഖ്യ അനുപാതത്തിലുള്ള മരണ നിരക്കില്‍ കറുത്ത വര്‍ഗ്ഗക്കാരാണ് ഏറെ മുന്നില്‍. ഹൃദയ സംബന്ധമായ രോഗങ്ങള്‍ പ്രമേഹം, ആസ്മ തുടങ്ങിയ രോഗങ്ങള്‍ കറുത്ത വര്‍ഗ്ഗക്കാരില്‍ കൂടുതലുള്ളതു കൊണ്ടാണോ മറ്റു വ്യത്യസ്തമായ ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണോ ഈ രോഗ നിരക്കും മരണ നിരക്കും കറുത്ത വര്‍ഗ്ഗക്കാരില്‍ കൂടുതല്‍ എന്ന് അറിവായിട്ടില്ല. ഇന്നലെ രാത്രിയോടെയുള്ള കണക്കനുസരിച്ച് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,000 ത്തോട് അടുക്കുന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,35,000 ത്തിനുമേലെത്തി.ഇതിനിടെ ന്യൂയോര്‍ക്കിലെ മരണ നിരക്ക് 6,268 ആയി, ഒന്നര ലക്ഷത്തിനുമേല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.അടുത്ത രണ്ടാഴ്ചകള്‍ ഏറ്റവും നിര്‍ണ്ണായകമെന്ന് അധികൃതര്‍ പറഞ്ഞു. വീടുകളില്‍ തന്നെ കഴിയാന്‍ ഉത്തരവുകള്‍. അനാവശ്യമായി പുറത്തുപോകുന്നവര്‍ക്ക് പിഴ ഇടാക്കല്‍ ആരംഭിച്ചു. പോസ്റ്റല്‍ മെയിലുകള്‍ പോലും എടുക്കാന്‍ ഭീതിയിലായിരിക്കുന്ന അവസ്ഥ.അടുത്ത രണ്ടാഴ്ചകള്‍ക്കുശേഷം മരണനിരക്കു കുറയാന്‍ സാധ്യത കാണുന്നതായും എന്നാല്‍ ഏറ്റവും ഒടുവിലത്തെ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം 60,000 പേരെങ്കിലും കൊറോണ ബാധിച്ച് അമേരിയ്ക്കയില്‍ മരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.