കോവിഡ് പ്രതിരോധം: പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ

കോവിഡ് പ്രതിരോധത്തില്‍ കാനഡ ശരിയായ ദിശയിലാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍ വൈറസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. ജനം ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്നതായി സൂചിപ്പിക്കുന്ന ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തലുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന. വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ കാലത്തിനുശേഷം നാം ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിതരായിരിക്കാന്‍ ജനം ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. രാജ്യത്തെ വിപണി പതിയെ തുറക്കുകയാണ്. രോഗവ്യാപനം വീണ്ടും ഉണ്ടായേക്കുമോയെന്ന ആശങ്കകളുണ്ടെന്നും പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ നീക്കിയത് വീണ്ടും രോഗവ്യാപനത്തിന് കാരണമാകുമോ എന്ന് ഭയക്കുന്നതായി കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാമും ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങളെ നിസാരമായി കണ്ടാല്‍ രോഗം പൂര്‍ണ്ണശക്തിയോടെ തിരിച്ചുവരുമെന്നും തെരേസ മുന്നറിയിപ്പ് നല്‍കി. അതേസമയം, ജൂലൈ 12നകം കാനഡയില്‍ 1,04,000 മുതല്‍ 1,08,000 വരെ കോവിഡ് ബാധിതരുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതുവരെ 8,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,04,151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 67,528 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 28,032 പേര്‍ ചികിത്സയിലാണ്.