കോവിഡ് പകരുന്നതിനു പിന്നില്‍ യുവതലമുറയെന്നു ഡോ. ആന്തണി ഫൗച്ചി

കൊറോണ വൈറസ് പല സ്റ്റേറ്റിലും വ്യാപകമായി പടരുന്നതിനു പിന്നില്‍ യുവതലമുറയാണെന്ന് വൈറ്റ് ഹൗസ് കോറോണ ടാസ്‌ക് ഫോഴ്സ് അംഗം ഡോ. ആന്തണി ഫൗച്ചി. രോഗബാധിതരാവുന്നതില്‍ പകുതിയും യുവാക്കാളാണ്. രോഗം ബാധിച്ചാല്‍ അവര്‍ അത് മറ്റുള്ളവര്‍ക്ക് പകരുന്നു-രണ്ടു മാസത്തിനുശേഷം വൈറ്റ് ഹൗസില്‍ ആദ്യമായി നടത്തിയവാര്‍ത്ത സമ്മേളനത്തില്‍ ഫൗച്ചി പറഞ്ഞു. ഫ്ലോറിഡ, അരിസോണ, യൂട്ടാ സ്റ്റേറ്റുകളില്‍ കോറോണ വ്യാപകമായി പടരുന്നു. ഫ്ലോറിഡയില്‍ മാത്രം ഒരു ദിവസം 8900 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തി. രാജ്യത്തെ 30 സ്റ്റേറ്റുകളില്‍ കൊറോണ പടരുന്നു. എന്നാല്‍ തുടക്കത്തില്‍ നാശം വിതച്ച ന്യു യോര്‍ക്ക്-ന്യു ജെഴ്സി സ്റ്റേറ്റുകളില്‍ സ്ഥിതി മെച്ചപ്പെട്ടു. അവിടെ ബിസിനസുകള്‍ തുറന്നു വരുന്നു. 35 വയസില്‍ താഴെയുള്ളവര്‍ക്ക് രോഗബാധ കൂടുതല്‍ കാണുമ്പോള്‍, മരണ സംഖ്യ പൊതുവേ കുറഞ്ഞത് പ്രതീക്ഷ ഉണര്‍ത്തുന്നു. രാജ്യത്ത് ഒരു ദിവസം 5 ലക്ഷം പേര്‍ക്ക് ടെസ്റ്റ് നടത്തുന്നുണ്ടെന്നും ഇത് വലിയൊരു നേട്ടമാണെന്നും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. രോഗബാധ കൂടുന്നുണ്ടെങ്കിലും രണ്ടു മാസം മുന്‍പത്തെ അവസ്ഥ ഇപ്പോഴില്ലെന്നു പെന്‍സ് പറഞ്ഞു. മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍ കയറ്റില്ലെന്നു കൂടുതല്‍ വിമാന കമ്പനികള്‍ പ്രഖ്യാപിച്ചു. ഫ്ലോറിഡയില്‍ ബാറുകളില്‍ പോയി മദ്യപിക്കുന്നത് നിര്‍ത്തലാക്കി. വെള്ളിയാഴ്ച ഫ്ലോറിഡയില്‍ 137 പേര്‍ മരിച്ചു. തലേന്നത്തേക്കാള്‍ മൂന്നിരട്ടി. ആകെ മരണം 3400 കഴിഞ്ഞു. ടെക്സസില്‍ ബാറുകള്‍ പൂട്ടാനും റെസ്റ്റോറന്റുകളില്‍ സീറ്റുകളുടെ പകുതി മാത്രം ആളുകളെ പ്രവേശിപ്പിക്കാനും ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. റാഫ്റ്റിങ്ങ് തുടങ്ങിയവയും ഒഴിവാക്കി. രണ്ടു മാസം മുന്‍പ് ബിസിനസുകള്‍ തുറന്ന ആദ്യ സ്റ്റേറ്റുകളിലൊന്നാനു ടെക്സസ്. ഹൂസ്റ്റണ്‍, ഡാലസ്, ഓസ്റ്റിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിരോധിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കാന്‍ വേണ്ടിയാണിത്.