കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ബോട്ടില്‍ പാര്‍ട്ടി നടത്തി; അറസ്റ്റിലായി

കോവിഡ് നിയമങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ബോട്ടിന്റെ ഉടമയും ആതിഥേയരും അതിഥികളും അറസ്റ്റിലായി. ബോട്ടിന്റെ ഉടമകള്‍, ക്യാപ്റ്റന്‍, 170ലധികം അതിഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ഉടമകളായ റോണി വര്‍ഗാസ്, അലക്സ് സുവാസോ എന്നിവര്‍ ശനിയാഴ്ച രാത്രിയാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് ബാറുകള്‍, മൂന്ന് ഔട്ട്ഡോര്‍ ഡെക്കുകള്‍ ഉള്‍പ്പെടെ 600 അതിഥികളെ ഉള്‍ക്കൊള്ളാനാവുന്നതാണ് ബോട്ട്. സാമൂഹിക അകലം പാലിക്കാതിരിക്കുക, മേയറുടേയും ഗവര്‍ണറുടേയും അടിയന്തിര ഉത്തരവുകള്‍ പാലിക്കാതിരിക്കുക, മദ്യപാന നിയന്ത്രണ നിയമം, ലൈസന്‍സില്ലാത്ത ബാര്‍, ബോട്ടില്‍ ക്ലബ്, നാവിഗേഷന്‍ നിയമം തുടങ്ങിയവ ലംഘിച്ചതാണ് കേസെന്ന് ഷെരീഫ് ഓഫിസ് അറിയിച്ചു. ബോട്ടിന്റെ ക്യാപ്റ്റന്‍ തിരിച്ചറിയല്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്തതിന് സമയന്‍സ് അയച്ചിട്ടുണ്ടെന്നും ഷെരീഫ് ഓഫിസ് അറിയിച്ചു. പൊതുജനാരോഗ്യ നിയമങ്ങളുടെ മാത്രമല്ല സാമാന്യ ബുദ്ധിയുടെ കടുത്ത ലംഘനമാണ് നടന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.