കോവിഡിന്റെ ഉറവിടം തേടി യു.എസ് ഇന്റലിജന്‍സ്

കോവിഡിന്റെ ഉറവിടം തേടി യു.എസ് ഇന്റലിജന്‍സ്. വൈറസ് വ്യാപനത്തിന്റെ പേരില്‍ ചൈനക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് യു.എസ് ഇന്റലിജന്‍സ് കോവിഡിന്റെ ഉറവിടം അന്വേഷിക്കുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ വന്യമൃഗ മാംസ ചന്തയില്‍നിന്ന് മനുഷ്യരിലേക്കു പടര്‍ന്നതെന്ന് കരുതപ്പെടുന്ന വൈറസിന്റെ ഉത്ഭവമാണ് അന്വേഷിക്കുന്നത്. വന്യമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കെത്തിയ വൈറസ് എന്നാണ് ചൈന നല്‍കിയ വിശദീകരണം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. വൈറസ് ചൈനയുടെ നിര്‍മിതിയാണെന്നാണ് ട്രംപിന്റെ ആരോപണം. ചൈന ലബോറട്ടറിയില്‍ ജൈവായുധമായി വികസിപ്പിച്ചെടുത്ത വൈറസ് ചോര്‍ന്നതാണെന്നും ആഗോളതലത്തില്‍ ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് യു.എസ് ഇന്റലിജന്‍സ് കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. വൈറസ് വ്യാപനം, മറ്റു സാധ്യതകള്‍ എന്നിവയും ഏജന്‍സി പരിശോധിക്കും. നേരത്തെ, യു.എസ് മാധ്യമമായ ഫോക്സ് ന്യൂസ് കോവിഡ് ചൈനയുടെ തന്ത്രമാണെന്നും ആഗോള പകര്‍ച്ചവ്യാധി നേരിടാന്‍ യു.എസ് അടക്കമുള്ള രാജ്യങ്ങളെക്കാള്‍ മികച്ച സംവിധാനമാണ് തങ്ങള്‍ക്കുള്ളതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വാദിച്ചിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്കോ മറ്റുള്ള ആരോപണങ്ങള്‍ക്കോ തെളിവുകളില്ല. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇതുവരെ 22 ലക്ഷത്തിലധികം പേരെയാണ് ബാധിച്ചത്. ഒന്നര ലക്ഷത്തോളം പേരാണ് ലോകമെമ്പാടും മരിച്ചത്. നിലവില്‍ ലോകത്ത് ഏറ്റവുമധികം രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തതും യു.എസിലാണ്.