കൊവിഡ് മരണങ്ങളിൽ ചൈനയെ മറികടന്ന് മുംബൈ

രാജ്യത്തെ കൊവിഡ് തീവ്രബാധിത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 2,17,121 ആയി ഉയർന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ ലോക രാജ്യങ്ങളിൽ ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിൽ മാത്രമാണ് ഇതിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട മുംബൈയിലും സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്ഥമല്ല. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മറ്റ് പലരാജ്യങ്ങളേക്കാൾ മുന്നിലാണ് മുംബൈ.

വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 22ാമതാണ് ചൈന. കൊവിഡ്-19 പൊട്ടിപുറപ്പെട്ട രാജ്യത്ത് നിലവിൽ 83,565 കൊവിഡ് കേസുകളും 4,634 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലെ കൊവിഡ് രോഗികളും മരണസംഖ്യയും ഇതിലധികമാണ്. മുംബൈയിൽ ചൊവ്വാഴ്ച മാത്രം 64 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ ആകെ മരണസംഖ്യ 5,002 ആയി ഉയർന്നിരിക്കുകയാണ്. ഇന്നലെ 806 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 86,132 ആയും ഉയർന്നിരിക്കുകയാണ്. എന്നാൽ രണ്ട് മാസത്തിനിടെ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകളാണ് ഇന്നലത്തേത്.