കൊറോണ :ഷിക്കാഗോയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലെ രണ്ടു ജീവനക്കാര്‍ മരിച്ചു

ഷിക്കാഗോയിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലെ രണ്ടു ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. എവര്‍ഗ്രീന്‍ പാര്‍ക്ക് സ്റ്റോറിലുള്ള രണ്ട് ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചതായുള്ള വിവരം ഹൃദയംനുറുങ്ങുന്ന വേദനയോടെ നിങ്ങളെ അറിയിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സങ്കടത്തില്‍ പങ്കുചേരുന്നതായും കമ്പനി ഇമെയില്‍ പ്ര്സ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ജീവനക്കാരുടെ പേര്, പ്രായം ഉള്‍പ്പെടെ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാണ് ഇരുവരും മരിച്ചതെന്ന തീയതിയും അറിയില്ല. മരിച്ച ഇരുവരും ഒരാഴ്ചയിലേറെയായി ഗ്രീന്‍പാര്‍ക്കിലെ സ്റ്റോറില്‍ എത്തിയിരുന്നില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് ബാധിതരില്‍ അഞ്ചു ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. ചിലപ്പോഴത് രണ്ടാഴ്ച വരെ നീളാമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. അതേസമയം, പുറത്തുനിന്നുള്ള ശുചീകരണ സംഘത്തെ എത്തിച്ച് സ്റ്റോര്‍ അപ്പാടെ വൃത്തിയാക്കി, അണുമുക്തമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.