കൊറോണ വൈറസ്: വുഹാന്‍ ലാബിനെതിരെ തെളിവുകളുണ്ടെന്ന് മൈക്ക് പോംപിയോ

കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് പുതിയ ആരോപണമുന്നയിച്ച് അമേരിക്ക. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്നും ഇതിനുള്ള തെളിവുകളുണ്ടെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ എന്ന മഹാമാരിയുടെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്നാണ്് അമേരിക്കയുടെ പുതിയ വാദം. ഇതിനു തെളിവുണ്ടെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമോ ജനിതകമായി മാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്ര പഠനത്തോട് യോജിക്കുന്നതായി പോംപിയോ പറഞ്ഞു. എന്നാല്‍ വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നതിനുള്ള സുപ്രധാനമായ, തെളിവുകളുണ്ട്. ഇപ്പോഴത് ലോകത്തിലെ എല്ലാവര്‍ക്കും കാണാനാകുമെന്ന് കരുതുന്നു. ഓര്‍ക്കുക, ലോകത്തെ അണുബാധയേല്‍പ്പിച്ചശേഷം നിലവാരമില്ലാത്ത ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചരിത്രം ചൈനക്കുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വളരെ വ്യക്തമാണ്, ഇതിനു കാരണക്കാരായവരെ ഞങ്ങള്‍ കണ്ടെത്തും -പോംപെയോ പറഞ്ഞു. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ ചൈനക്കെതിരെ അമേരിക്ക ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ്. വൈറസിന്റെ ഉത്ഭവം വുഹാന്‍ ലാബില്‍നിന്നാണെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോംപിയോയുടെ ആരോപണം. അതേ സമയം ലോകത്ത് കോവിഡ് ബാധിതര്‍ 35 ലക്ഷം കവിഞ്ഞു, മരണം 2.48 ലക്ഷവും.