കൊറോണ ഭീതി പരത്തുന്നത് ട്രംപിനെതിരെയുള്ള നീക്കമെന്ന് മിക്ക്

വാഷിങ്ടണ്‍: കൊറോണ വൈറസിനെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്ന് വൈറ്റ് ഹൗസ് ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുല്‍വാനെ. ഇത്തരം റിപ്പോര്‍ട്ടുകളിലൂടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ താഴെയിറക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍ എന്നും മിക്ക് മുല്‍വാനെ ആരോപിച്ചു. കൊറോണ വൈറസിനെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്ന ആരോപണവുമായാണ് വൈറ്റ് ഹൗസ് ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുല്‍വാനെ രംഗത്തെത്തിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ താഴെയിറക്കുകയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ”ഇംപീച്ച്മെന്റിലൂടെ ട്രംപ് താഴെയിറങ്ങുമെന്നായിരുന്നു മാധ്യമങ്ങളുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ഇതേപോലെയാണ് കൊറോണ വൈറസിന്റെ കാര്യത്തിലും മാധ്യമങ്ങള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും”- മിക്ക് മുല്‍വാനെ പറഞ്ഞു. അമ്പതിലധികം രാജ്യങ്ങളെ കൊറോണ വൈറസ് ബാധിച്ചതോടെ ആഗോള വിപണി തകര്‍ച്ചയിലാണ്. അതുകൊണ്ട് തെറ്റായ ഇത്തരം മാധ്യമ വാര്‍ത്തകള്‍ അവഗണിച്ച് വിപണിയെ ശാന്തമാക്കുന്നതില്‍ ജനം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മിക്ക് മുല്‍വാനെ.