കൊറോണ; പ്രതിരോധത്തിന് കച്ചമുറിക്കി യുഎസ്

ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യുഎസിലും വലിയ ഭീതിയാണ് ഉയര്‍ത്തുന്നത്. രാജ്യത്ത് 12 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗത്തെ മഹാമാരിയായി കണ്ട് പ്രതിരോധത്തിന് യുഎസ് തയ്യാറെടുക്കുകയാണെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ ഇമ്മ്യൂണൈസേഷന്‍ ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ് ഡയറക്ടര്‍ നാന്‍സി മെസ്സോനിയര്‍ അറിയിച്ചു. ബീജിംഗിലേക്ക് യാത്ര ചെയ്യുകയും കൊറോണ വൈറസ് ബാധിച്ച കുടുംബാംഗങ്ങളുമായി സംവദിക്കുകയും ചെയ്ത ഒരു സ്ത്രീയ്ക്കാണ് യുഎസിലെ പന്ത്രണ്ടാമത്തേതും ഏറ്റവും ഒടുവിലത്തേതുമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഡിസി ഒരു കൊറോണ വൈറസ് ഡയഗ്നോസ്റ്റിക് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ആദ്യ 200 എണ്ണം യുഎസ് ആഭ്യന്തര ലബോറട്ടറികളിലേക്ക് അയക്കുമെന്നും 200 എണ്ണം തിരഞ്ഞെടുത്ത അന്താരാഷ്ട്ര ലബോറട്ടറികളിലേക്ക് വിതരണം ചെയ്യുമെന്നും മെസ്സോനിയര്‍ പറഞ്ഞു. ഓരോ ടെസ്റ്റ് കിറ്റിനും 700 മുതല്‍ 800 വരെ രോഗികളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയും.