അമേരിക്കയില്‍ ആറുമിനിറ്റിനുള്ളില്‍ മരിച്ചത് നാല് രോഗികളെന്ന് സിഎന്‍എന്‍ സംഘം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗ ബാധിതകരുള്ള അമേരിക്കയിലെ ആശുപത്രിയില്‍ ആറുമിനിറ്റിനുള്ളില്‍ നാല് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ഗുരുതരാവസ്തയിലുള്ള രോഗികളെ കിടത്തിയിരിക്കുന്ന എമര്‍ജന്‍സി റൂമുകളില്‍ നിന്ന് ശ്വാസം നിലച്ച രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്ന അലാറങ്ങള്‍ തുടര്‍ച്ചയായി മുഴങ്ങുകയാണെന്നാണ് കോവിഡ് വിവരങ്ങള്‍ ശേഖരിക്കാനെത്തിയ സിഎന്‍എന്‍ വാര്‍ത്താ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രൂക്ലിനിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ 40 മിനിറ്റുകള്‍ക്കുള്ളില്‍ ആറ് രോഗികള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ഇതില്‍ നാലുപേര്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മരണത്തിനു കീഴടങ്ങിയെന്നും സിഎന്‍എന്‍ സംഘം റിപ്പോര്‍ട്ട് ചെയ്തു. ഹോസ്പിറ്റല്‍ അലര്‍ട്ട് സിസ്റ്റത്തില്‍ നിന്നുള്ള ‘കോഡ് 99′ ന്റെ ശബ്ദം ഒരു മണിക്കൂറിനുള്ളില്‍ അഞ്ച് തവണയാണ് മുഴങ്ങിയ്. യുഎസിലെ ആശുപത്രികളിലെങ്ങും ഇത് സാധാരണ കാഴ്ചയായി മാറിയെന്നും ഭയാനകമായ സാഹചര്യമാണ് എവിടെയുമെന്നും വാര്‍ത്താ സംഘം പറയുന്നു. വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് വാര്‍ഡിലെങ്ങുമുള്ളത്. നിങ്ങളോടു സംസാരിക്കുന്നതിനിടയില്‍ തന്നെ അവരുടെ ഹൃദയമിടിപ്പ് നിലച്ചേക്കാം.കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം നമ്മള്‍ അവരുടെ തൊണ്ടയില്‍ ശ്വസനത്തിനായി ഒരുട്യൂബ് ഇടും. വെന്റിലേറ്റര്‍ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുമെന്ന പ്രതീക്ഷയോടെ’ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ജൂലി ഈസന്‍ സിഎന്‍എന്‍ സംഘത്തോട് പറഞ്ഞു. യുഎസിലെ ആയിരകണക്കിന് കോവിഡ് രോഗികള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതെല്ലാമാണെന്നും സന്ദര്‍ശകരെ അനുവദിക്കാത്തതുമൂലം എല്ലാവരും വീട്ടില്‍ തന്നെ കഴിയുന്നതിനാല്‍ ഇതു പുറംലോകം അറിയുന്നില്ല എന്നും ജൂലി കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സിയിലുള്ള എല്ലാ രോഗികളും കൊറോണ വൈറസ് ബാധിച്ചവരാണ്. പകര്‍ച്ചവ്യാധിയെ നേരിടാന്‍ കോവിഡ് ആശുപത്രിയായി മാറ്റാന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഉത്തരവിട്ട സംസ്ഥാനത്തെ മൂന്ന് ആശുപത്രികളില്‍ ഒന്നാണിത്. വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25% രോഗികളും മരിച്ചു. ഇതു ആശുപത്രിയുടെ പ്രശ്നമല്ലെന്നും രോഗത്തിന്റെ പ്രത്യേകതയാണെന്നും എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍ ഡോ.ലൊറന്‍സോ പാലഡിനോ പറഞ്ഞു.