കോവിഡ്​: ഗൾഫിലുടനീളം ആശങ്ക

ദുബൈ: കോവിഡ്​ പടരുന്നതിനിടെ തുടർന്ന്​ ഗൾഫിലുടനീളം ആശങ്ക. നേരത്തെ, വിവിധ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കുറയുന്നതും രോഗമുക്​തരുടെ എണ്ണം വർധിച്ചതും ആശ്വാസം പകർന്നിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ്​ രേഖപ്പെടുത്തുന്നത്​. വിവിധ ഗൾഫ്​ രാജ്യങ്ങളിലായി കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം എണ്ണൂറിനോട്​ അടുക്കുന്നു. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം പിന്നിട്ടു. സൗദിയില്‍ മരണ സംഖ്യ 351ല്‍ എത്തി. രോഗികളുടെ എണ്ണമാകട്ടെ 65,000 കവിഞ്ഞു. കുവൈത്തില്‍ കോവിഡ് മരണസംഖ്യ 129 ആയി. യു.എ.ഇയില്‍ നാലും ഒമാനില്‍ രണ്ടും ഖത്തറില്‍ ഒരാളും കൂടി കോവിഡിന് കീഴടങ്ങി.1554 പേര്‍ക്കാണ് ഖത്തറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31,000 കടന്നു. 1041 പേര്‍ക്ക് കൂടി രോഗം ഉറപ്പിച്ചതോടെ കുവൈത്തില്‍ രോഗികളുടെ എണ്ണം 18000 കവിഞ്ഞു. യു.എ.ഇയില്‍ രോഗികളുടെ എണ്ണം 26,000 കവിഞ്ഞു. ഗള്‍ഫില്‍ കോവിഡ് പൂര്‍ണമായി സുഖപ്പെടുന്നവരുടെ എണ്ണം ഉയരുന്നുവെന്നത് മാത്രമാണ് പ്രതീക്ഷ നല്‍കുന്ന കാര്യം. രോഗം ഭേദപ്പെട്ടവരുടെ എണ്ണം 70,000നോട്​ അടുക്കുന്നു. രോഗം വ്യാപിച്ചതിനെ തുടർന്ന്​ വിവിധ രാജ്യങ്ങളിൽ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്​.