കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് വിമര്‍ശനം

ലണ്ടൻ ∙ കോവിഡ് പ്രതിരോധത്തിൽ കേരളാ മോഡലിനെ പാടിപുകഴ്ത്തിയ ബിബിസി ഇപ്പോൾ കേരളത്തെ വിമർശനത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭിമുഖം വരെ ലൈവായി നൽകി കേരളത്തിന്റെ കോവിഡ് പ്രതിരോധം വാഴ്ത്തിപ്പാടിയ ബിബിസി ഇപ്പോൾ പറയുന്നത് രോഗവ്യാപനം തടയാൻ കേരളം അമ്പേ പരാജയപ്പെട്ടു എന്നാണ്. ടെസ്റ്റിങ്ങിലും ട്രേസിംങ്ങിലുമെല്ലാം കേരളം മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും പിന്നിലാണെന്നും കണക്കുകൾ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നു.

‘കേരളാസ് കോവിഡ് സക്സസ് സ്റ്റോറി–ക്ലെയിം അൺഡൺ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കേരളത്തിന്റെ അവകാശവാദങ്ങൾ പലതും പൊള്ളയായിരുന്നു എന്ന് ബിബിസി തുറന്നുകാട്ടുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയടക്കം തുടക്കത്തിൽ രോഗവ്യാപനം കൂടുതലായിരുന്ന സംസ്ഥാനങ്ങളിൽ വ്യാപനവും മരണവും കുറയുമ്പോൾ കേരളത്തിലെ രോഗവ്യാപനം ദിനം പ്രതി കൂടിവരികയാണെന്ന് റിപ്പോർട്ട് കണക്കുകളിലൂടെ സമർധിക്കുന്നു.

ആരോഗ്യ പ്രവർത്തകർക്കുപോലും വേണ്ടത്ര സുരക്ഷയൊരുക്കാൻ കേരളത്തിന് കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. 120 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം 10,000 കവിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ നിരവധിയാളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ സാമൂഹിക വ്യാപനമുണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കേണ്ട സ്ഥിതിയായി.

തുടക്കത്തിൽ രോഗവ്യാപനം തടയാനായെങ്കിലും പിന്നീട് എല്ലാം കൈവിട്ടുപോയി എന്നാണ് പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഉദാഹരണങ്ങൾ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നത്. വൈറസിനെ തടയുന്നതിൽ കേരളം അത്ഭുതം സൃഷ്ടിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ കാലംതെറ്റിയുള്ളതായിരുന്നു. തുടക്കത്തിലെ 110 ദിവസത്തിനുള്ളിൽ കേവലം 1000 കേസുകൾ മാത്രം റിപ്പോർട്ടുചെയ്യപ്പെട്ട കേരളത്തിൽ ഇപ്പോൾ പ്രതിദിനം എണ്ണൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിയായി. 1,70,000 അധികം ആളുകൾ ക്വാറന്റീനിൽ ആണ്.

വിദേശത്തുനിന്നും വരുന്നവരായിരുന്നു കൂടുതലും രോഗികളാകുന്നത് എന്നായിരുന്നു ഇതുവരെയുള്ള സ്ഥിതി. എന്നാൽ ഉറവിടം പോലും കണ്ടെത്താനാകാത്തവിധം രോഗികൾ വർധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് റിപ്പോർട്ട് വിവരിക്കുന്നു. രോഗവ്യാപനത്തിനു മുമ്പുതന്നെ രോഗത്തെ തുരത്തിയോടിച്ചു എന്ന സർക്കാരിന്റ തെറ്റായ അവകാശവാദങ്ങളെ തുറന്നുകാട്ടുന്ന റിപ്പോർട്ടാണ് ബിബിസി ഇപ്പോൾ നൽകുന്നത്.