കുവൈത്തില്‍ പൊതുമാപ്പിന് തുടക്കമായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ രേഖകളില്ലാത്ത വിദേശി തൊഴിലാളികള്‍ക്ക് പിഴയടക്കാതെ നാട്ടില്‍ പോകാന്‍ കഴിയുന്ന പൊതുമാപ്പ് കാലാവധിക്ക് തുടക്കമായി. ഏപ്രില്‍ ഒന്നുമുതല്‍ 30വരെയാണ് പൊതുമാപ്പ് കാലാവധി. ഈ കാലയളവില്‍ ഓരോ രാജ്യക്കാര്‍ക്കും നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കുന്നതിനുള്ള തിയതികള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ ഫിലിപ്പീന്‍സുകാര്‍ക്കും, ആറ് മുതല്‍ 10വരെ ഈജിപ്തുകാര്‍ക്കും, 10 മുതല്‍ 11വരെ ഇന്ത്യക്കാര്‍ക്കും, 16 മുതല്‍ 20വരെ ബംഗ്ലാദേശികള്‍ക്കും, 20 മുതല്‍ 25വരെ ശ്രീലങ്കക്കാര്‍ക്കും, 25മുതല്‍ 30വരെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് രേഖകള്‍ ശരിയാക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചുപോകാനാഗ്രഹിക്കുന്ന പുരുഷന്മാര്‍ ഫര്‍വാനിയ ഒന്നാം ബ്ലോക്കില്‍ 122സ്ട്രീറ്റിലുള്ള അല്‍മുന്ന പ്രൈമറി (ബോയ്‌സ്) സ്‌കൂളിലും സ്ത്രീകള്‍ ഇതേ ബ്ലോക്കിലെ 76ാം സ്ട്രീറ്റിലുള്ള പ്രൈമറി (ഗേള്‍സ്) സ്‌കൂളിലുമാണ് എത്തേണ്ടത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. പാസ്‌പോര്‍ട്ട്, രണ്ട് ഫോട്ടോ എന്നിവ കൊണ്ടുവരണം. പാസ്‌പോര്‍ട്ടില്ലാത്തവര്‍ മൂന്ന് ഫോട്ടോകള്‍ കരുതണം. മടക്കയാത്രക്കുള്ള രേഖകള്‍ ശരിയാക്കുന്നതിന് ഓരോ രാജ്യത്തിന്റെയും എംബസി ബൂത്തുകള്‍ ഈ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കും. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് 20 കിലോ വീതമുള്ള രണ്ട് ലഗ്ഗേജ്, ഏഴുകിലോ വരെ ഹാന്റ് ലഗ്ഗേജ് എന്നിവയും അനുവദിച്ചിട്ടുണ്ട്. മടക്കയാത്രക്കുള്ള ചെലവും കുവൈത്ത് ഗവണ്‍മെന്റ് വഹിക്കും. നടപടികള്‍ ആരംഭിച്ച് നാട്ടിലേക്ക് കയറ്റിയയക്കുന്നത് വരെയുള്ള താമസവും ഭക്ഷണവും കുവൈത്ത് അധികൃതര്‍നല്‍കും.