കുവൈത്തില്‍ അനധികൃത ചികിത്സാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഒപ്പം, ആവശ്യമായ യോഗ്യതയില്ലാതെ ചികിത്സ നടത്തുന്നവര്‍ പിടിയിലാവുകയും ചെയ്തു. വീട്ടുവിസയിലും മറ്റുമെത്തി ക്ലിനിക്കുകളില്‍ കോസ്‌മെറ്റിക് സര്‍ജറി നടത്തുന്നവരെയും സഹായികളെയും പിടികൂടുകയും ചെയ്തു. ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. സാല്‍മിയ പ്രദേശത്ത് മൂന്ന് ക്ലിനിക്കുകളിലായി പത്ത് വീട്ടുവിസക്കാര്‍ ജോലി ചെയ്യുന്നതും കണ്ടെത്തി. ആവശ്യമായ ലൈസന്‍സ് ഇല്ലാതെ ചികിത്സ നടത്തിയ സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തു. ഇന്ത്യ, ഫിലീപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആവശ്യമായ യോഗ്യതകളില്ലാതെ ചികിത്സാ സഹായികളായി ജോലി ചെയ്തിരുന്നത്.