കുറ്റവിമക്തനായി ട്രംപ്, പ്രമേയങ്ങള്‍ വോട്ടിനിട്ട് തള്ളി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ കുറ്റവിചാരണ പ്രമേയങ്ങള്‍ സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ നാലുമാസം നീണ്ട ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് അവസാനമായി. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റില്‍ അന്തിമ വിജയം സ്വന്തമാക്കി. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ രണ്ടായി തന്നെ വോട്ടിനിട്ടാണ് ട്രംപിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് 52 നെതിരെ 48 , 47 നെതിരെ 53 വോട്ടുകള്‍ക്കാണു പ്രതിപക്ഷ നീക്കം തടഞ്ഞത്. സെനറ്റര്‍ മിറ്റ് റോമ്‌നി ട്രംപിനെതിരെ വോട്ട് ചെയ്തത് റിപ്പബ്ലിക്കന്‍ പക്ഷത്ത് കല്ലുകടിയായി. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പ്രമേയത്തെ റോമ്‌നി അനുകൂലിക്കുകയായിരുന്നു. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ നാലുമാസം മുന്‍പ് ട്രംപ് ഇംപീച്‌മെന്റിനു വിധേയനായിരുന്നു. ഇതേത്തുടര്‍ന്നു ട്രംപിനെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള വിചാരണ നടപടികളാണു സെനറ്റില്‍ ഇന്നലെ നടന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ വിദേശ ശക്തികള്‍ ഇടപെട്ടു, മുന്‍ വൈസ് പ്രസിഡന്റും നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളി ആയേക്കുമെന്ന് കരുതുന്ന ജോ ബൈഡനെ കുടുക്കുവാന്‍ ഉക്രൈന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷമായ ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്. എന്തായാലും അമേരിക്കയുടെ ചരിത്രത്തിലെ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടതായി വരികയും കുറ്റവിമുക്തി ലഭ്യമാവുകയും ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റായി മാറുകയാണ് ഡൊണാള്‍ഡ് ട്രംപ്.