കല്യാണം കഴിക്കണം, പക്ഷേ തിരക്ക്: മൂന്നാം തവണയും വിവാഹം മാറ്റിവച്ച് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി

കോപ്പന്‍ഹേഗന്‍: സ്വന്തം വിവാഹത്തെക്കുറിച്ച് സ്വപ്‌നം കാണാത്തവരായി ആരും ഉണ്ടാകില്ല. അതിനി പ്രധാനമന്ത്രിയായാല്‍ പോലും. പക്ഷേ ഡെന്‍മാര്‍ക്കിലെ പ്രധാനമന്ത്രിക്ക് താന്‍ കാത്തു കാത്തിരുന്ന വിവാഹം മാറ്റിവയ്‌ക്കേണ്ടിവരുന്നത് ഇത് മൂന്നാം തവണയാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവയ്ക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. പക്ഷേ ഡാനിഷ് പ്രധാമന്ത്രി ഇത്തവണ വിവാഹം നീട്ടിവെച്ചത് കോവിഡിനെ പേടിച്ചല്ല. സ്വന്തം രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാനാണ്.

ഡെന്‍മാര്‍ക്ക് പ്രസിഡന്റ് മെറ്റി ഫെഡറിക്‌സണും കാമുകന്‍ ബോയും തമ്മിലുള്ള വിവാഹം മുന്‍പ് രണ്ട് തവണ മുടങ്ങിയിരുന്നു. എന്നാല്‍ അന്ന് വില്ലനായത്‌ കോവിഡായിരുന്നു. കോവിഡ് പടര്‍ന്നതോടെ അത് മാറാന്‍ കാത്തുനില്‍ക്കാതെ പ്രധാനമന്ത്രി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത്തവണ വില്ലനായത് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയാണ്‌. വിവാഹം കഴിക്കാന്‍ തീരുമാനിച്ച ദിവസം തന്നെ ഉച്ചകോടി വന്നെത്തി. പക്ഷേ പ്രധാനമന്ത്രിക്ക് സ്വന്തം വിവാഹത്തേക്കാളും പ്രാധാന്യം സ്വന്തം രാജ്യമായിരുന്നു.

അതുകൊണ്ട് തന്നെ അവര്‍ കാമുകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു. ”ഈ വിശിഷ്ട വ്യക്തിയെ വിവാഹം കഴിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ജൂലൈയിലെ ആ ശനിയാഴ്ച തന്നെ ബ്രസല്‍സില്‍ വെച്ച് ഒരു കൗണ്‍സില്‍ യോഗത്തിനുള്ള ക്ഷണം വന്നു. പക്ഷേ ഞാന്‍ എന്റെ ജോലിചെയ്യാനും ഡെന്‍മാര്‍ക്കിന്റെ താത്പര്യങ്ങളെ സംരക്ഷിക്കാനും തീരുമാനിച്ചു. അതുകൊണ്ട് തന്നെ വിവാഹം വീണ്ടും നീട്ടിവയ്ക്കുകയാണ്. വൈകാതെ ഞങ്ങള്‍ക്ക് വിവാഹിതരാകാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. ബോയോട് ‘യെസ്‌’ പറയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

27 രാജ്യങ്ങളുടെ തലവന്‍മാര്‍ പങ്കെടുക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ജൂലൈ 17-18 തിയ്യതികളിലായാണ് തീരുമാനിച്ചിരുന്നത്. മെറ്റി വിവാഹിതയാകാന്‍ തീരുമാനിച്ചിരുന്നതും ജൂലൈ 18-നാണ്.