കലിഫോർണിയയിൽ കാട്ടു തീ: ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു

കലിഫോർണിയ : കലിഫോർണിയയിൽ ഏതാനും ദിവസങ്ങളായി പടരുന്ന കാട്ടു തീ മൂലം ആയിരത്തിലേറെ വീടുകൾ കത്തി നശിക്കുകയും ആയിരക്കണക്കിന് ജനങ്ങളെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. ശക്തമായ കാറ്റും ഇടിമിന്നലും അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിയ്ക്കുന്നതു സ്്ഥിതിഗതികൾ രൂക്ഷമാവാൻ സാധ്യത കാണുന്നു.

12000 ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കാട്ടു തീ നിയന്ത്രണത്തിലാക്കാൻ ശ്രമിയ്ക്കുന്നുണ്ട്. കൂടാതെ അരിസോന, ഓറിഗൺ, വാഷിങ്ടന്‍, ടെക്സസ്, നെവാഡ, ന്യുമെക്സിക്കോ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഫയർ എൻജിനുകൾ കലിഫോർണിയയിലേക്കു നീങ്ങിയിട്ടുണ്ട്.

ഇടിമിന്നൽ മൂലമാണ് കലിഫോർണിയ വനങ്ങളിൽ 600 ലേറെ സ്ഥലങ്ങളിലായി കാട്ടു തീ രൂപപ്പെട്ടത്. വിമാനങ്ങളും ഹെലികോപ്റ്ററുകളും തീ കെടുത്താന്‍ ശ്രമം നടത്തുന്നു.

കലിഫോർണിയയിൽ എവിടെയും പുകമയം. ജനങ്ങൾ പരമാവധി വീടിനുള്ളിൽ കഴിയുന്നു. വീടിനുള്ളിൽ കഴിയുന്നവർ ഏതു സമയത്തും സുരക്ഷിത സ്ഥാനത്തേയ്ക്കു നീങ്ങാൻ അധികൃതരുടെ അറിയിപ്പുണ്ടാകുമോയെന്നു ഭീതിയിലാണ്. ആറു പേർ കാട്ടു തീ മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അറിയിപ്പിൽ പറയുന്നത്.