കറുത്ത വംശജനായ യുവാവിനെ കൊല്ലാന്‍ ശ്രമിച്ച് പോലീസ്‌

ജോര്‍ജ്ജ് ഫ്‌ലോയിഡിനെയും ബ്രിയോണ ടെയ്ലറിനെയും കൊലപ്പെടുത്തിയ സംഭവങ്ങള്‍ക്കു പിന്നാലെ വീണ്ടും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ അമേരിക്കയില്‍ തുടരുകയാണ്.

വിസ്‌കോണ്‍സിനിലായിരുന്നു കറുത്തവംശക്കാരനായ ജേക്കബ് ബ്ലേക്ക് എന്ന യുവാവിനെ പൊലീസ് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറുന്നതിനിടെ പൊലീസുകാര്‍ ഷര്‍ട്ടില്‍ പിടിച്ചുനിര്‍ത്തി പിന്നില്‍നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജേക്കബ് ബ്ലേക്ക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തങ്ങളുടെ മൂന്ന് മക്കള്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുമ്പോഴായിരുന്നു പൊലീസ് അതിക്രമമെന്ന് ജേക്കബ്ബിന്റെ ജീവിതപങ്കാളി ലാഖ്വിഷ ബുക്കര്‍ പറഞ്ഞു. തെക്കുകിഴക്കന്‍ വിസ്‌കോണ്‍സിനിലെ കിനോഷ നഗരത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനായിരുന്നു സംഭവം നടന്നത്.

മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുകയായിരുന്ന കറുത്തവംശക്കാരനായ യുവാവിനെ ലൂയിസിയാനയിലെ ലാഫിയത്തില്‍ വെള്ളിയാഴ്ച രാത്രി വെടിവച്ചു കൊന്നതില്‍ രോഷം പടരുമ്പോഴാണ് കരുതിക്കൂട്ടി അടുത്ത വംശീയ അക്രമം. ഇതിനെതിരെ പ്രതിഷേധവുമായി കിനോഷയിലും ജനങ്ങള്‍ തെരുവിലിറങ്ങി. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പൊലീസുകാരെ നിര്‍ബന്ധിത അവധിയില്‍ വിട്ടു. പൊലീസുകാര്‍ വീട്ടുവഴക്ക് സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ എത്തിയതാണ് എന്നാണ് റിപ്പോര്‍ട്ട്.