കണ്ണുകളുടെ പിങ്ക് നിറം കൊവിഡ് ലക്ഷണമെന്ന് ഗവേഷണം

കൊവിഡിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നായി കണ്ണുകള്‍ പിങ്ക് നിറം ആയി മാറുന്നതിനെ കാണാമെന്ന് ഗവേഷകര്‍. കനേഡിയന്‍ ജേര്‍ണല്‍ ഓഫ് ഓഫ്താല്‍മോളജിയില്‍ വന്ന പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍. കണ്ണുകളിലെ പിങ്ക് നിറത്തെയും പനി, ചുമ, ശ്വാസതടസം എന്നീ പ്രഥമിക ലക്ഷണങ്ങളുടെ ഗണത്തില്‍ എടുക്കാമെന്ന് പഠനത്തില്‍ പറയുന്നു.

കാനഡയില്‍ മാര്‍ച്ചില്‍ ചെങ്കണ്ണുമായി എത്തിയ യുവതിക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. അതിനാല്‍ ചെങ്കണ്ണ് പ്രഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടും. ശ്വാസകോശത്തിനെയാണ് കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനേക്കാള്‍ എന്നാല്‍ പ്രാഥമിക ഘട്ടത്തില്‍ കണ്ണിലാണ് ലക്ഷണം കൂടുതല്‍ കാണപ്പെടുകയെന്ന് ആല്‍ബെര്‍ട്ട സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കാര്‍ലോസ് സൊളാര്‍ട്ടി പറയുന്നു. കൂടാതെ 15 ശതമാനം കൊവിഡ് കേസുകളില്‍ രണ്ടാമത് വരുന്ന രോഗലക്ഷണം ചെങ്കണ്ണാണെന്നും അദ്ദേഹം പറയുന്നു. നേത്രരോഗ ആശുപത്രി അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും പഠനത്തിലുണ്ട്.  

നേരത്തെ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കൊവിഡിന്റെ ലക്ഷണങ്ങളില്‍ ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഈ മാറ്റം. പനി, ചുമ, തളര്‍ച്ച, ശ്വാസതടസം, കഫം, പേശീവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളാണ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ ഉണ്ടായിരുന്നത്.