ഒന്‍പതേകാല്‍ ലക്ഷം തൊട്ട് കോവിഡ് മരണം

ലോകത്താകമാനം കോവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 924,000 ആയി ഉയര്‍ന്നു. സോകത്താകമാനം 29 മില്യനിലേറെ പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്റ് എന്‍ജിനിയറിംഗ് ശേഖരിച്ച ഡാറ്റയിലാണ് ഈ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ രോഗപരിശോധനയിലും ലാബ് ടെസ്റ്റിലും വ്യത്യാസമുണ്ടെങ്കിലും അവ അവലംബിച്ചാണ് കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പരിശോധനകള്‍ കുറക്കുന്നതിനെ തുടര്‍ന്ന് രോഗബാധിതരുടെ എണ്ണത്തിലും വലിയ വ്യത്യാസങ്ങളുണ്ടാവുമെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്. നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ചില സര്‍ക്കാരുകള്‍ ശരിയായ കണക്കുകള്‍ മറച്ചുവെക്കുകയാണെന്നും സര്‍വ്വകലാശാല റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കോവിഡ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. ആറര മില്യനിലേറെ ജനങ്ങള്‍ക്കാണ് ഇതിനകം രോഗം ബാധിച്ചത്. യു എസില്‍ മാത്രം 194,000 മരണങ്ങളുണ്ടായി. യു എസില്‍ ഏറ്റവും ഗുരുതരമായി രോഗം ബാധിച്ചത് കാലിഫോര്‍ണിയയിലാണ്. ജോണ്‍സ് ഹോപ്കിന്‍സ്് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം 749,000 പേര്‍ക്കാണ് രോഗബാധയുണ്ടായത്. കാലിഫോര്‍ണിയക്കു പിന്നാലെ ടെക്സസില്‍ 669,000 പേര്‍ക്കും ഫ്ളോറിഡയില്‍ 654,000 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.