ഐ.സി.ജി.എസ് സമുദ്ര എത്തി;ഇന്ത്യയും യു.എ.ഇയും സംയുക്ത നാവികാഭ്യാസം നടത്തും

ദുബൈ: ഇന്ത്യയും യു.എ.ഇയും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ഐ.സി.ജി.എസ് സമുദ്ര മൂന്ന് ദിവസത്തെ സൗഹൃദ സന്ദര്‍ശനത്തിന്എത്തിയതിന്റെ ഭാഗമായാണ് സംയുക്ത അഭ്യാസം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിയാണ് ഐ.സി.ജി.എസ് സമുദ്ര യു.എ.ഇ തീരത്തെത്തിയത്. സമുദ്ര മലിനീകരണം ഒഴിവാക്കല്‍, കടല്‍ യാത്രാ സുരക്ഷ, രക്ഷാ പ്രവര്‍ത്തനം തുടങ്ങിയ മുന്‍നിര്‍ത്തിയാണ് നാവികാഭ്യാസം സംഘടിപ്പിക്കുക. രണ്ടുവര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ഇന്ത്യയും യു.എ.ഇയും ചേര്‍ന്ന് നാവികാഭ്യാസം നടത്തിയത്. വരും മാസങ്ങളില്‍ ഇന്ത്യന്‍ തീരക്കടലില്‍വെച്ച് മറ്റൊരു നാവികാഭ്യാസത്തിനും ധാരണയായിട്ടുണ്ട്. കടല്‍ വൈദഗ്ധ്യം പരസ്പരം കൈമാറുന്നതിന്റെ ഭാഗമായാണ് ഇത്തരം അഭ്യാസ പ്രകടനങ്ങള്‍.ഐ.സി.ജി.എസ് സമുദ്രക്ക് വന്‍ വരവേല്‍പാണ് യു.എ.ഇയില്‍ ലഭിച്ചത്. യു.എ.ഇ നാവിക വിഭാഗത്തിലെ ഓഫീസര്‍മാരുടെയും മറ്റും സാന്നിധ്യത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍,ഐ.സി.ജി.എസ് സമുദ്രയുടെ ക്യാപ്റ്റന്‍ അന്‍വര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.