ഐ.എന്‍.ഒ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൃക്ക രോഗികള്‍ക്ക് സഹായം നല്‍കി

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നൂറിലധികം വൃക്കരോഗികള്‍ക്ക് സഹായ വിതരണം നടത്തി. പിറവത്ത് ‘സ്‌നേഹ സ്പര്‍ശം’ എന്ന പേരില്‍ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തന പരിപാടി ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓവര്‍സീസ് ചാപ്റ്റര്‍ നടത്തിയ ‘സ്‌നേഹ സ്പര്‍ശം ‘ മറ്റ് രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ക്കും മാതൃകയാണ്.ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ വിലയിരുത്തുന്നത്.ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അത്തരത്തില്‍ മാതൃകയാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഐ.എന്‍. ഓ.സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.എന്‍.ഒ.സി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും വിവിധ പരിപാടികള്‍ അമേരിക്കയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ഐ.എന്‍. ഒ .സി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കോവിഡ് കാലത്ത് പിറവം മണ്ഡലത്തില്‍ പ്രയാസം അനുഭവിക്കുന്ന നൂറിലധികം വൃക്ക രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് നിത്യോപയോഗത്തിനുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്‌നേഹ സ്പര്‍ശം പരിപാടിക്ക് തുടക്കമിടുകയായിരുന്നു എന്ന് ജോയി ഇട്ടന്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി .സി ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്, പിറവം നഗരസഭാദ്ധ്യക്ഷന്‍ സാബു കെ ജേക്കബ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ റീസ് പുത്തന്‍വീട്ടില്‍ ,കെ.ആര്‍. പ്രദീപ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മാരായ വില്‍സണ്‍ കെ. ജോണ്‍, വേണു മുളന്തുരുത്തി, പ്രിന്‍സ് പോള്‍ ജോണ്‍, അബിന്‍ വര്‍ക്കി, ലോക കേരള സഭാ പ്രതിനിധി ജോണ്‍സണ്‍ മാമലശ്ശേരി ,സണ്ണി ജോര്‍ജ്, ലിജോ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.